കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമാണ് വിഷു എന്ന്‌ പറയാം. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന്‌ പറയാം‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ. കൊന്ന മരവും അവയുടെ മഞ്ഞ പൂക്കളും വിഷുവിന് പ്രധാനമാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്.

‘പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. ഇവിടങ്ങളിൽ വിഷു ദർശനത്തിന് ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്നു. ശബരിമല ധർമ്മ ശാസ്താ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക പൂജകളോട് കൂടി ദർശനം സാധ്യമാണ്.

വിഷു ദിനത്തിൽ കേരളത്തിലെ വിഷുവുമായി ഏറെ സമാനതകൾ ഉള്ള ബിസു പർബ എന്നൊരു ഉത്സവം തുളുനാട്ടിൽ ആഘോഷിക്കാറുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *