ഗിന്നസ് വേൾഡ് റെക്കോർഡിൽ വിശാഖ് – മലയാളികൾക്കും -ഡോംബിവ്‌ലിക്കും അഭിമാനമായി യുവ കായികതാരം
ഡിസംബർ ആദ്യവാരത്തിൽ ഡോംബിവ്‌ലിയിൽ നടക്കുന്ന അവാർഡ് നിശയിൽ വെച്ച്
‘സഹ്യ ടിവി’ വിശാഖിനെ ആദരിക്കും.
ഡോംബിവ്‌ലി:തുടർച്ചയായ അർദ്ധ ദൂര മാരത്തൺ (half marathon ) ഓട്ടത്തിൽ ചൈനയുടെ ലോക റെക്കാർഡ് തകർത്ത് മലയാളിയായ അന്താരാഷ്ട്ര മാരത്തോൺ റണ്ണർ വിശാഖ് കൃഷ്ണസ്വാമി.
2020ൽ ചൈനയുടെ ലിയു എൽഹായി 234 ദിവസം തുടർച്ചയായി ഓടിനേടിയ റെക്കോർഡിനെ മറികടന്നാണ് ഇന്നലെ വിശാഖ് പുതിയൊരു ലോക റെക്കാർഡ് സൃഷ്ട്ടിച്ചത് .
ഡോംബിവ്‌ലിയിലുള്ള അരകിലോമീറ്റർ വ്യാപ്‌തിയുള്ള കല്യാൺ-ഡോംബിവ്‌ലി നഗരസഭയുടെ മൈതാനത്ത് ദിവസവും 21.1 കിലോമീറ്റർ നിർത്താതെ, ഓടിയാണ് വിശാഖ് ലോക കായിക ചരിത്രത്തിലേയ്ക്ക് ഓടിയെത്തിയത്.
. കേരളീയ സമാജം ഡോംബിവ്‌ലിയുടെ കീഴിലുള്ള മോഡൽ കോളേജിൽ നിന്നും എംകോം പൂർത്തിയാക്കിയ വിശാഖ് അൾട്രാ മാരത്തോൺ ഓട്ടക്കാരനായിട്ട് 5 വർഷമായി. ഇതിനിടയിൽ തന്നെ അന്തരാഷ്ട്ര തലത്തിൽ തന്നെ നിരവധി ബഹുമതികളുമായി ഈ തിരുവനന്തപുരം സ്വദേശി ശ്രദ്ധനേടിക്കഴിഞ്ഞു നഗ്‌നപാദനായി ദിവസേന പുലർച്ചെ മൂന്ന് മണി മുതൽ അഞ്ചര വരെ 42.195 കിലോമീറ്റർ ഓടി നേരത്തെ വിശാഖ് ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റൺ മോങ്ക്സ് ,(RunMonks and RaceTime India)റേസ് ടൈം ഇന്ത്യ എന്നിവ സംയുക്തമായി ,രാജ്യത്തിൻറെ വിവിധഭാഗങ്ങളിലായിസംഘടിപ്പിക്കുന്ന അൾട്രാ ,ബേർഫൂട്ട് (ചെരുപ്പിടാതെ ) മാരത്തോണുകളിലെ സ്ഥിരം സാന്നിധ്യമായി വിശാഖ് . കഴിഞ്ഞ വർഷം ജനുവരിയിൽ ബാംഗ്ലൂരിൽ വെച്ച് നടന്ന അൾട്രാ മരത്തോണിൽ ‘മേജിക് ബുക്കോഫ് റെക്കോർഡ്‌സ് , 2022 ലെ മികച്ചകായികതാരമായി തെരഞ്ഞെടുത്തത് വിശാഖിനെ ആയിരുന്നു.72 മണിക്കൂറിൽ 300 കിലോമീറ്റർ ഓടിയാണ് ഈ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്.2020 ൽ പൂനയിൽ വെച്ചുനടന്നിരുന്ന ദീർഘദൂര ഓട്ട മത്സരത്തിൽ 43 മണിക്കൂർ കൊണ്ട് 161 കിലോമീറ്ററാണ് വിശാഖ് ഓടി തീർത്തത് .
ഇതിൽ മൂന്നാം സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. ഛണ്ഡീഗഡ് , അരുണാചൽപ്രദേശ് എന്നിവടങ്ങളിൽ നടന്ന മാരത്തോൺ മത്സരങ്ങളിലും നിർദിഷ്ട ദൂരം പൂർത്തിയാക്കിയിട്ടുണ്ട്.. നേരത്തെ ഡോംബിവ്‌ലിയിൽ വച്ച് , മൂന്നാഴ്‌ച – രാവിലെ മൂന്നരമണിക്കൂർ കൊണ്ട് ദിവസേനെ 21കിലോമീറ്റർ ഓടിയുംഇദ്ദേഹം റെക്കോർഡ് സൃഷ്ട്ടിച്ചിട്ടുണ്ട് . റൺമോംക്സ് , റേസ് ടൈം ഇന്ത്യ എന്നിവയുടെ ബ്രാൻഡ് അമ്പാസഡറിൽ ഒരാളായാണ് കഴിഞ്ഞ വർഷം ഡിസമ്പർ 5 ന് അരുണാചൽപ്രദേശിൽ നടക്കുന്ന സ്വീകരണപരിപാടിയിൽ വിശാഖ് പങ്കെടുത്തിരുന്നത്..പിന്നീട് ഇവിടെ നടന്ന 35 കിലോമീറ്റർ അൾട്രാ മാരത്തോണിലും ഓടി .
ടെറിഫാക്സ് എന്ന വികലാംഗനായ യുവാവ് ഒറ്റക്കാലിൽ കാനഡ നഗരം മുഴുവൻ ഓടിയത് വലിയ വാർത്തയായി മാറിയ ദൃശ്യം ടിവിയിലൂടെ കോളേജ് പഠന കാലത്ത് കണ്ടതാണ് അന്തർമുഖനായിരുന്ന തൻ്റെ ജീവിതത്തെ മാറ്റിയത് എന്ന് വിശാഖ് പറയുന്നു. . ” ശാരീരികമായും സാ മ്പത്തികമായും വെല്ലുവിളികൾ നേരിടുന്ന തനിക്ക് ,ആ ദൃശ്യം വലിയ പ്രചോദനം തന്നു. പിന്നീട് ഡോംബി വലിയിലെ തെരുവുകളിലൂടെ രാവിലെയും വൈകുന്നേരവും ഓടാ ൻ ആരംഭിച്ചു. അതൊരു ശീലമാക്കി മാറ്റി. മഴയത്തും പൊരിവെയിലത്തും ഓടും. ആരും തന്നെ ശ്രദ്ധിക്കില്ലായിരുന്നു. ഇന്ന് ലോകം എന്നെ നിരീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു!” .വിശാഖ് പറഞ്ഞു.
കെഡിഎംസി മൈതാനത്തൊരുക്കിയ വേദിയിലെത്തി, ശിവസേനാ (ഉദ്ധവ് താക്കറെവിഭാഗം)
നേതാക്കളും ഡോംബിവ്‌ലി -കല്യാൺ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥികളുമായ ദീപേഷ് മാത്രേ സുഭാഷ് ബോയിർ എന്നിവർ വിശാഖിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ‘ഡോംബിവ്‌ലിയുടെ പുത്രന് ‘ ഭാവിയിൽ എല്ലാവിധ പിന്തുണ വാഗ്‌ദാനവും ചെയ്തു.
മകൻ്റെ നേട്ടത്തിനും ‘ലോകവിജയം ‘നേടിയ വിശാഖിനെ കായികപ്രേമികളും ജനപ്രതിനിധികളും അഭിന്ദിക്കുന്നതിനും സാക്ഷിയായി ആനന്ദാശ്രുക്കളോടെ അമ്മ ജയലക്ഷ്മിയും കെഡിഎംസി മൈതാ നത്തുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് ജയലക്ഷ്മി. കായികരംഗത്ത് മകൻ ലോകപ്രശസ്തനായി മാറുന്നത് കാണാൻ വിശാഖിൻ്റെ പിതാവില്ലാതെപോയതിലുള്ള മനോവിഷമം സന്തോഷ മുഹൂർത്തത്തിനിടയിലും അവർ പ്രകടിപ്പിച്ചു.
വളർന്നുവരുന്ന ഈ യുവതാരത്തിൻ്റെ ഈ ചരിത്രനേട്ടത്തിന് ദൃക്‌സാക്ഷികളാകാൻ അന്യഭാഷക്കാർ നിരവിധിഉണ്ടായിരുന്നെങ്കിലും സൗഹൃദ വലയത്തിലെ ഒന്നുരണ്ടുപേർ ഒഴിച്ച് ,മലയാളികളായിട്ട് വേറെ ആരുമിണ്ടായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കേരളീയസമാജം ഡോംബിവ്‌ലി അംഗവും സമാജത്തിൻ്റെ വിദ്യാലയങ്ങളിലൂടെ പഠിച്ചു ബിരുദാനന്തര ബിരുദവും നേടിയ കായികതാരമാണ് വിശാഖ്.
സാമ്പത്തിക പിന്തുണയിലൂടെ സമാജം (KSD ) അടക്കം മറ്റു പല സംഘടനകളും മുമ്പ് വിശാഖിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് .
. അച്ഛൻ പരേതനായ കൃഷ്ണസ്വാമി. സഹോദരി മീന കൃഷ്‌ണസ്വാമി. ഡോംബിവ്‌ലി ഈസ്റ്റിലുള്ള സ്റ്റാർ കോളനിയിലാണ് വിശാഖ് താമസിക്കുന്നത്.