മിടുക്കരായ യുവതാരങ്ങൾ അവസരമില്ലാതെ പുറത്ത്; കണ്ണെത്തുന്നിടത്ത് കയ്യെത്തുന്നില്ല, അവസാന കാലത്ത് സച്ചിനും സേവാഗും പോയ വഴിയേ കോലി

0

എന്താണ് വിരാട് കോലിക്കു സംഭവിച്ചത്? ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിലെ കോലിയുടെ പ്രകടനം കണ്ട ക്രിക്കറ്റ് ലോകം ഒന്നടങ്കം ചോദിച്ചു. ആദ്യ ഇന്നിങ്സിൽ ഓഫ് സൈഡിനു പുറത്തുപോയ പന്ത് തേടിപ്പിടിച്ച് ബാറ്റുവച്ച് കീപ്പർ ക്യാച്ചിൽ പുറത്ത്. രണ്ടാം ഇന്നിങ്സിൽ എൽബിഡബ്ല്യു ആയപ്പോൾ എഡ്ജ് ഉണ്ടെന്നു സംശയമുണ്ടായിട്ടും, 3 റിവ്യൂ ബാക്കിയുണ്ടായിരുന്നിട്ടും ഡിആർഎസ് എടുക്കാതെ ഡ്രസിങ് റൂമിലേക്കു മടങ്ങി. രണ്ട് ഇന്നിങ്സിലുമായി കോലി ആകെ നേടിയത് 23 റൺസ്.

കരിയറിലെ ഏറ്റവും മോശം സമയത്തുപോലും റൺസ് കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുന്ന ബാറ്ററാണ് കോലി. എന്നാൽ, സമീപകാല ഇന്നിങ്സുകളിൽ കോലിയുടേതു തണുപ്പൻ മട്ടിലുള്ള പ്രകടനമാണെന്ന വിമർശനങ്ങളെ ശരിവയ്ക്കുന്നതായിരുന്നു ഈ സംഭവങ്ങൾ.

ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റ് നാളെ കാൻപുരിൽ തുടങ്ങാനിരിക്കെ മത്സരഫലത്തെക്കാൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആശങ്കപ്പെടുത്തുന്നത് കോലിയുടെ ഫോം തന്നെ. സർഫറാസ് ഖാനും ധ്രുവ് ജുറേലും ഉൾപ്പെടെ ഒട്ടേറെ യുവതാരങ്ങൾ പുറത്തിരിക്കുമ്പോൾ കോലിക്കു വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നതിലും വിമർശനമുണ്ട്.

∙ കണ്ണും കൈയും തമ്മിൽ

കരിയറിന്റെ അവസാന കാലത്ത് സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ് തുടങ്ങി ഒട്ടേറെ താരങ്ങളെ വലച്ച ഹാൻഡ് ആൻഡ് ഐ കോർഡിനേഷൻ (കണ്ണും കയ്യും തമ്മിലുള്ള ഒത്തിണക്കം) തന്നെയാണ് കോലിയെ അലട്ടുന്ന പ്രധാന പ്രശ്നമായി വിദഗ്ധർ പറയുന്നത്. കവർ ഡ്രൈവുകൾക്കു പേരുകേട്ട കോലിയുടെ സമീപകാലത്തെ ഭൂരിഭാഗം പുറത്താകലുകളും ഓഫ് സ്റ്റംപിനു പുറത്ത് ഏന്തിവലിഞ്ഞുള്ള ഷോട്ടുകൾക്കു ശ്രമിച്ചായിരുന്നു.

കണ്ണ് എത്തുന്നിടത്ത് കൈ എത്താതെ വരുമ്പോൾ പല ഡ്രൈവുകളും ചെക് ഷോട്ടുകളും എഡ്ജിൽ അവസാനിക്കുന്നു. സ്പിന്നർമാരെ നേരിടുമ്പോഴും ലെങ്ത് പിക്ക് ചെയ്യാൻ കോലി പ്രയാസപ്പെടുന്നു.

∙ ഫോമില്ലാതെ ഫാബ് ഫോർ

വിരാട് കോലി, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്– കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ഇവർ നാലുപേർക്കും ക്രിക്കറ്റ് ലോകം നൽകിയ ഓമനപ്പേരാണ് ഫാബ് ഫോർ. 2014– 2019 കാലഘട്ടത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 50നു മുകളിൽ ബാറ്റിങ് ശരാശരി സൂക്ഷിക്കുകയും ഇടതടവില്ലാതെ സെഞ്ചറികൾ നേടുകയും ചെയ്ത ഇവർ പക്ഷേ, 2020നു ശേഷം ഫാബ് ടു ആയി ചുരുങ്ങി.

ഒരു വശത്ത് കോലിയുടെ ദയനീയ ഫോം തുടരുമ്പോൾ സ്റ്റീവ് സ്മിത്തിന്റെ വീഴ്ച അപ്രതീക്ഷിതമായിരുന്നു. 2014–2019 കാലത്ത് 67 റൺസ് ശരാശരിയിൽ കളിച്ച സ്മിത്തിന്റെ നിലവിലെ ബാറ്റിങ് ശരാശരി 47 ആണ്. മറുവശത്ത് റൂട്ടും വില്യംസനുമാകട്ടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ.

∙ കോലി രഞ്ജിയിലേക്ക്?

വരുന്ന സീസണിൽ ഡൽഹി ടീമിന്റെ രഞ്ജി ട്രോഫിക്കുള്ള സാധ്യതാ ടീമിൽ വിരാട് കോലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കു മുൻപായി ഫോം തിരിച്ചുപിടിക്കാനാണ് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതെന്നാണ് വിവരം. 2013ലാണ് കോലി അവസാനമായി രഞ്ജി കളിച്ചത്.

∙ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 2 തവണ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോലിക്കു സെഞ്ചറി നേടാൻ സാധിച്ചത്. 2020, 2021, 2022, 2024 വർഷങ്ങളിൽ ഒരു സെഞ്ചറി പോലുമില്ലാത്ത കോലി, 2023ൽ രണ്ടു തവണ സെഞ്ചറി നേടി. 2011ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ കോലിക്ക്, ആ വർഷം ഒഴിച്ച് 2019 വരെ എല്ലാ വർഷവും രണ്ടിൽ കൂടുതൽ ടെസ്റ്റ് സെഞ്ചറിയുണ്ട്.

∙ 2014– 2019 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി കളിച്ച 18 ടെസ്റ്റ് പരമ്പരകളിൽ അഞ്ചിലും കോലിയായിരുന്നു ടീമിന്റെ  ടോപ് റൺ സ്കോറർ.  എന്നാൽ 2020ന് ശേഷം കളിച്ച 11 ടെസ്റ്റ് പരമ്പരകളിൽ ഒരെണ്ണത്തിൽ പോലും ടീമിന്റെ ടോപ് റൺ സ്കോർ ആകാൻ കോലിക്കു സാധിച്ചിട്ടില്ല.‌

∙ 2021ന്റെ തുടക്കത്തിൽ, ടെസ്റ്റ് ക്രിക്കറ്റിൽ കോലിക്ക് 27, സ്മിത്തിന് 26, വില്യംസന് 23, റൂട്ടിന് 17 എന്നിങ്ങനെയായിരുന്നു സെഞ്ചറി നേട്ടം. എന്നാൽ 3 വർഷത്തിനിപ്പുറം 29 സെഞ്ചറികളാണ് കോലിക്കുള്ളത്. സ്മിത്തിനും വില്യംസനും 32ഉം റൂട്ടിന് 34ഉം സെഞ്ചറികളും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *