ഇന്ത്യക്കു വേണ്ടിയുള്ള അവസാനത്തെ ടി20 മത്സരം: വിരാട് കോലി വിരമിച്ചു
ബാർബഡോസ്: ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന വിരമിച്ചു. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ‘ഇതെന്‍റെ അവസാനത്തെ ട്വന്‍റി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ട്വന്‍റി20 മത്സരവുമാണ്”, കോലി പറഞ്ഞു.
ഇത് വിരമിക്കൽ പ്രഖ്യാപനം തന്നെയാണോ എന്ന കമന്‍റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി. ”ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലിൽ പരാജയപ്പെട്ടാലും ഇതെന്‍റെ അവസാന അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു”, കോലി വിശദീകരിച്ചു
ഇത്തവണത്തെ ലോകകപ്പിൽ പതിവ് റോൾ വിട്ട് ഓപ്പണറായി കളിച്ച കോലിക്ക് ഫൈനലിനു മുൻപ് വരെ വെറും പത്ത് റൺസായിരുന്നു ബാറ്റിങ് ശരാശരി. എന്നാൽ, ഫൈനലിൽ 59 പന്തിൽ 76 റൺസുമായി ടീമിനെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റി.
2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്ന കോലിയുടെ ലോകകപ്പ് നേട്ടം ഇപ്പോൾ രണ്ടായി. ഇന്ത്യക്കു വേണ്ടി ആകെ 125 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ കളിച്ചു. 49 റൺസ് ശരാശരിയിൽ 4188 റൺസും നേടി. ഇതിൽ ഒരു സെഞ്ചുറിയും 38 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 29 സെഞ്ചുറിയും ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറിയും നേടിയ കോലിയുടെ ആകെ അന്താരാഷ്‌ട്ര സെഞ്ചുറികളുടെ എണ്ണം 80 ആണ്. നൂറ് സെഞ്ചുറികളുമായി സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് മുന്നിൽ