വേലിചാടി കടുവക്കൂട്ടിൽ കയറിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറൽ
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ കൊഹന്‍സിക് മൃഗശാലയിലെ ബംഗാള്‍ കടുവകളെ പാര്‍പ്പിച്ചിരുന്നിടത്തേക്ക് വേലി ചാടി അകത്തേക്ക് കയറുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. മൃഗശാലയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. യുവതി കടുവയെ തൊടാനായി ശ്രമിക്കുമ്പോള്‍ കടുവ യുവതിയെ അക്രമിക്കാനായി അടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതിയെ തിരയുന്നു എന്ന അടിക്കുറിപ്പോടെ ബ്രിജ്ട്ടണ്‍ പോലീസ് എക്‌സിലൂടെ വീഡിയോ പങ്കുവെച്ചെങ്കിലും പിന്നീട് പിന്‍വലിച്ചതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവതി കടുവയെ തൊടാന്‍ ശ്രമിച്ചെന്നും കടുവ യുവതിയെ ഏതാണ്ട് കടിക്കുന്നതിനോളം അടുത്തെത്തിയെന്നും പോലീസ് പങ്കുവെച്ച് എക്‌സ് കുറിപ്പില്‍ പറയുന്നു. ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന ഏക ഇരുമ്പ് വേലി ചാടിക്കടക്കാന്‍ കടുവ പലതവണ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.യുവതിയെ കണ്ടെത്താനായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലാണെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍പ്രകാരം രണ്ടു ബംഗാള്‍ കടുവകളാണ് മൃഗശാലയിലുളളത്. 2016 -ലാണ് ബംഗാള്‍ കടുവകളായ സഹോദരങ്ങളായ റിഷിയും മഹേശയും മൃഗശാലയിലെത്തുന്നത്.