വിപഞ്ചികയുടെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തും; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊല്ലം : ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം നാളെ കൊല്ലം കേരളപുരത്തെ വീട്ടിലെത്തിക്കും.
വീട്ടില്‍ വെച്ചാണ് സംസ്‌കാരം നടക്കുക. വിപഞ്ചികയുടെ ഒന്നര വയസ്സുള്ള മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിച്ചിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനായി അമ്മ ഷൈലജയും സഹോദരന്‍ വിനോദും ഒരാഴ്ചയായി ദുബായില്‍ തങ്ങുകയായിരുന്നു.മരണം കൊലപാതകമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മാതൃ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റിൽ വിപഞ്ചികയേയും മകള്‍ വൈഭവിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തി.സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തിരുന്നു. നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.