പെരുമാറ്റ ചട്ടലംഘനം; തോമസ് ഐസക്കിനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി യുഡിഎഫ്
പത്തനംതിട്ട: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി യുഡിഎഫ്. പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. കുടുംബശ്രീയുടെ പേരിൽ ലഘുലേഖകൾ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നതാണ് ആരോപണം. ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ ആണ് പരാതി നൽകിയത്.
നേരത്തെ തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ ഭരണാധികാരിയുടെ താക്കീത് ലഭിച്ചിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് അന്ന് താക്കീത് കിട്ടിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നുമായിരുന്നു വിലക്ക്.എന്നാൽ യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് അന്ന് നടപടിയെടുത്തിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ജില്ലാ ഭരണാധികാരിയുടെ താക്കീത് ലഭിച്ചതിന് പിന്നാലെ പ്രവർത്തകരെ പഴിച്ച് തോമസ് ഐസക് രംഗത്തെത്തിയിരുന്നു. സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രവർത്തകരുടെ വീഴ്ചയാണുണ്ടായതെന്നും തോമസ് ഐസക് പ്രതികരിച്ചിരുന്നു. പ്രവർത്തകരാണ് സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീ യോഗത്തിലേക്ക് തന്നെ കൊണ്ടുപോയതെന്നും,ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നുമാണ് അന്ന് നൽകിയ പ്രതികരണം. എന്നാൽ യുഡിഎഫിന് ഭയം ഗ്രസിച്ചതുകൊണ്ടാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും പരാതി നൽകിയിരിക്കുന്നത്.