വിനേഷ് ഫോഗട്ടിന് ജന്മനാടിൻ്റെ വൈകാരികമായ സ്വീകരണം
പാരിസിൽ നിന്നും മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വൈകാരികമായ സ്വീകരണം നൽകി ജന്മനാട്. നിർഭാഗ്യം കൊണ്ട് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നഷ്ടമായ വിനേഷ് ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ ഫോഗട്ടിനെ വികാരഭരിതമായാണ് ഗുസ്തി താരങ്ങൾ സ്വീകരിച്ചത്.മറ്റ് മെഡൽ ജേതാക്കൾക്ക് നൽകിയതിനെക്കാളും വൈകാരികമായ സ്വീകരണമാണ് ഫോഗട്ടിന് നൽകിയത്. ആവേശോജ്ജ്വലമായ സ്വീകരണത്തിൽ വിനേഷ് ഫോഗട്ട് വിങ്ങിപ്പൊട്ടുകയായിരുന്നു. ഡൽഹിയിലെ സ്വീകരണത്തിന് ശേഷം ഫോഗട്ട് ജന്മനാടായ ഹരിയാനയിലെ ബലായിലേക്ക് മടങ്ങി. ഹരിയാനയിലും ഫോഗട്ടിന് കായിക പ്രേമികൾ സ്വീകരണം നൽകുമെന്ന് സഹോദരൻ പിടിഐയോട് പറഞ്ഞു.
പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയിരുന്നു. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് സൃഷ്ടിച്ചത്. എന്നാൽ, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ താരം പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു.