പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ ഗ്രാമീണർക്ക് നഷ്‌ടമായത് നിരവധി വളര്‍ത്തുമൃഗങ്ങളെ

ശ്രീനഗര്‍: പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള കനത്ത ഷെല്ലാക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്‌ടമായി. നിരവധി മൃഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‌മീരിലെ പൂഞ്ച്, രജൗരി, കുപ്‌വാര ജില്ലകളിലാണ് ഷെല്ലാക്രമണം ശക്തമായി തുടരുന്നത്.ഏഴ് എരുമകള്‍, മൂന്ന് കുതിരകള്‍, രണ്ട് ആടുകള്‍, എന്നിവ ഷെല്ലാക്രമണത്തില്‍ ചത്തതായാണ് നാട്ടുകാരും മൃഗക്ഷേമ വകുപ്പും നല്‍കുന്ന വിവരം. നിരവധി ചെമ്മരിയാടുകള്‍, പശുക്കള്‍, എന്നിവയ്ക്ക് പരിക്കേറ്റിട്ടുമുണ്ട്.
വളര്‍ത്ത് മൃഗങ്ങള്‍ കേവലം വസ്‌തുക്കള്‍ മാത്രമല്ല. തങ്ങള്‍ക്ക് അവ കുടുംബാംഗങ്ങളെ പോലെയാണ്. ഞങ്ങളുടെ ജീവ രേഖയാണെന്നും പൂഞ്ചിലെ ഷഹാബുദ്ദീന്‍ ഖട്ടാന പറഞ്ഞു. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്‍റെ രണ്ട് എരുമകളാണ് കൊല്ലപ്പെട്ടത്. ഇതിന് തങ്ങള്‍ക്കാര് നഷ്‌ടപരിഹാരം നല്‍കുമെന്നും അദ്ദേഹം ചോദിക്കുന്നു. ”ഞങ്ങള്‍ പാവങ്ങളാണ്. ഞങ്ങളുടെ വേദന അധികൃര്‍ക്ക് മനസിലാകില്ല. തന്‍റെ ബന്ധുക്കള്‍ താന്‍ ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുന്നു. തന്‍റെ കന്നുകാലികളെ ദൈവത്തിന്‍റെ ദയക്ക് വിട്ടുകൊടുത്ത് തനിക്ക് ഇവിടെ നിന്ന് എങ്ങനെ പോകാനാകു0?” അദ്ദേഹം ചോദിക്കുന്നു.
നിരവധി ഗ്രാമങ്ങളില്‍ വെടിവയ്‌പ് തുടരുകയാണ്. തന്‍റെ തൊഴുത്തിന് സമീപം ഷെല്‍ പതിച്ച നിമിഷത്തെക്കുറിച്ച് ഷാഫി മാന്‍ഹാസ് ഓര്‍ത്തെടുക്കുന്നു. ഓരോ ദിവസവും പേടിയോടെയാണ് കഴിച്ച് കൂട്ടുന്നത്. ഇക്കുറി തനിക്ക് രണ്ട് എരുമകളെ നഷ്‌ടമായി. പിറന്നപ്പോള്‍ മുതല്‍ താന്‍ അവയെ വളര്‍ത്തിക്കൊണ്ട് വന്നതാണ്. അവ ഇങ്ങനെ മരണത്തിന് കീഴടങ്ങുന്നത് നിസ്സഹായനായി കണ്ട് നില്‍ക്കേണ്ടി വന്നു. തന്‍റെ പൂവന്‍ കോഴികളും കൊല്ലപ്പെട്ടു.
ഓരോ പൊട്ടിത്തെറിയിലും തന്‍റെ ഗ്രാമം വിറയ്ക്കുകയാണെന്ന് അജാസ് മുഗള്‍ പറയുന്നു. ഇതേ സ്ഥലത്തുള്ള ഒരു കൂലിപ്പണിക്കാരനാണ് അദ്ദേഹം. തങ്ങളുടെ കന്നുകാലികളെ സമയത്ത് രക്ഷിക്കാനായില്ല. അവ കുടുങ്ങിപ്പോയി. ഞങ്ങളും ഭയത്തിലാണ്. കുട്ടികള്‍ അവരുടെ കൂട്ടുകാരെ പോലെ കണ്ടിരുന്ന മൃഗങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മുമ്പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഏഴ് എരുമകളും മൂന്ന് കുതിരകളും രണ്ട് ആടുകളും ചത്തതായി സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്‌ടര്‍ പറഞ്ഞു. പൂഞ്ചിലും രജൗരിയിലുമുണ്ടായ ഷെല്ലാക്രമണത്തില്‍ നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്ക് പരിക്കേറ്റു. ഇവയുടെ പരിക്ക് സാരമുള്ളതല്ല.
ചൗക്കിബാലില്‍ നിരവധി പശുക്കള്‍ക്കും കുതിരകള്‍ക്കും പരിക്കേറഅറു. നാല് ചെമ്മരിയാടുകള്‍ ചത്തുവെന്നും കുപ്‌വാരയില്‍ നിന്നുള്ള അലി മുഹമ്മദ് എന്ന ആട്ടിടയന്‍ പറഞ്ഞു. തങ്ങള്‍ അതിര്‍ത്തിയെ കുറിച്ച് വിഷമിക്കുന്നത് രാഷ്‌ട്രീയ കാരണങ്ങള്‍ കൊണ്ടല്ല. മറിച്ച് നിലനില്‍പ്പിന്‍റെ പ്രശ്‌നമാണ് തങ്ങളെ അലട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വളര്‍ത്ത് മൃഗങ്ങളാണ് ഞങ്ങളുടെ അന്നം. അത് കൊണ്ട് ഇതെല്ലാം ഇപ്പോള്‍ തന്നെ അവസാനിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃഗങ്ങള്‍ ചത്തതായി പ്രാഥമിക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനും പരിക്കേറ്റവയുടെ ചികിത്സയ്ക്കുമായി നടപടികള്‍ പുരോഗമിക്കുകയാണ്.
പരിക്കേറ്റ മൃഗങ്ങള്‍ക്ക് ചികിത്സ നല്‍കാനായി നിരവധിയിടങ്ങളിലേക്ക് അടിയന്തര സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചത്ത മൃഗങ്ങളുടെ കൃത്യമായ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. അത് കഴിഞ്ഞാല്‍ സാമ്പത്തിക സഹായമടക്കമുള്ളവയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.