വിഷുപ്പുലരി കാത്ത് നാടും നഗരവും….

ഐശ്വര്യത്തിൻ്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കിയാണ് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നത്. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേൽക്കുകയാണ് .മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്.
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.
കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്നാണ് വിഷു. ഓണം കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്ന് . ഓണത്തിന് നമ്മൾ പൂവും പൂക്കളവുമെല്ലാം ഒരുക്കുന്നത് പോലെ വിഷുവിന് നമുക്ക് ഒഴിച്ചുകൂടാനാകാത്തതാണ് വിഷുക്കണിയും കൈനീട്ടവും.
സമ്പദ് സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്‌ചയാണ് വിഷുക്കണി. മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്നു വിഷുപ്പക്ഷി നമ്മെ വിളിച്ചുണർത്തുകയാണ്. വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണിയാണ്. മലയാളിയുടെ കാർഷിക സംസ്‌കാരത്തിനെ ഓർമപ്പെടുത്തുന്ന ഉത്സവമായത് കൊണ്ടുതന്നെ വിഷുക്കണിയിൽ പ്രധാനം കാര്‍ഷിക വിഭവങ്ങൾക്കാണ്.നമ്മെ നാമായി നിലനിർത്തുന്ന ഈ പ്രകൃതിയെത്തന്നെയാണ് പൂജാമുറിയിൽ വിഷുക്കണിയായി ഒരുക്കുന്നത്. ഓട്ടുരുളിയിലാണ് കണി ഒരുക്കേണ്ടത്. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്ത് പകുതിയോളം നിറയ്‌ക്കുക. സമൃദ്ധിയുടെ പ്രതീകമായാണ് ഓട്ടുരുളിയിലെ ഉണക്കലരിയിൽ വയ്ക്കുന്നത്.
ശേഷം ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ട് കത്തിക്കുന്ന പതിവ് ചിലയിടങ്ങളിൽ ഉണ്ട്. പിന്നീട് സ്വർണവർണത്തിലുള്ള കണിവെള്ളരി, കൊന്നപ്പൂക്കുല എന്നിവ ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്‌ക്കേണ്ടത്.
ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്ന് വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ പിന്നെ വാൽക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ വേണ്ടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.എല്ലാം ഒരുക്കിവച്ച ഓട്ടുരുളിക്കടുത്തു ഈശ്വരസാന്നിധ്യമായി ശ്രീകൃഷ്‌ണവിഗ്രഹവും വയ്‌ക്കണം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്. തൊട്ടടുത്ത് താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം വേണം വയ്‌ക്കാൻ.
ലക്ഷ്‌മിയുടെ പ്രതീകമാണ് സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്‍റെയും പ്രപഞ്ചത്തിന്‍റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണി കാണേണ്ടത്.എഴുന്നേറ്റാലുടൻ തന്നെ വിഷുക്കണി കാണണം എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണമെന്ന് അഷ്‌ടാംഗഹൃദയം പോലുള്ള ആയുർവേദഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ബ്രാഹ്മമുഹൂർത്തത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ പറയുന്നുണ്ട്.
1200ാം മാണ്ടത്തെ മേഷ രവിസംക്രമം മീനം 30 (2025 ഏപ്രിൽ 13) ഞായറാഴ്‌ച രാത്രി 03 മണി 21 മിനിറ്റിനാണ്. ചോതി നക്ഷത്രം ഒന്നാം പാദത്തിലാണ് സംക്രമം നടക്കുന്നത് അസ്‌തമയത്തിന് ശേഷം ആയതിനാൽ മേടം 01 വരുന്നത് തിങ്കളാഴ്‌ചയാണ്.
മേടമാസത്തിലെ ആദ്യ സൂര്യോദയം വരുന്നതും അന്നുതന്നെ. ഐശ്വര്യദായകം എന്ന് നമ്മൾ കരുതി ആചരിച്ചുപോരുന്ന വിഷുക്കണി ദർശനം നടത്തേണ്ടതും ഏപ്രിൽ 14ന് രാവിലെയാണ്. മേടമാസം 1ന് സൂര്യോദയത്തിന് മുമ്പ് ബ്രഹ്മമുഹൂർത്തത്തിൽ 03.45നും 4.35നും ഇടയിലാണ് വിഷുക്കണി കാണാൻ ഉത്തമമെന്ന് ജ്യോതിഷ പണ്ഡിതന്മാർ പറയുന്നു.
വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ:
നിലവിളക്ക്,ഓട്ടുരുളി,ഉണക്കലരി,നെല്ല്,നാളികേരം,സ്വർണ്ണ നിറമുള്ള കണിവെള്ളരി,ചക്ക,മാങ്ങ, മാമ്പഴം
കദളിപ്പഴം,വാൽക്കണ്ണാടി (ആറന്മുള ലോഹ കണ്ണാടി),കൃഷ്‌ണ വിഗ്രഹം,കണിക്കൊന്ന പൂവ്,എള്ളെണ്ണ (വിളക്കെണ്ണ പാടില്ല)തിരി,കോടിമുണ്ട്,ഗ്രന്ഥം,നാണയങ്ങൾ,സ്വർണം,കുങ്കുമം,കണ്മഷി,വെറ്റില,അടക്ക
ഓട്ടുകിണ്ടി,വെള്ളം