തിന്മയുടെ മേൽ നന്മയുടെ ജയം : നഗരത്തിൽ നാളെ വിജയ ദശമി
‘ദസ് ‘ എന്നുവച്ചാൽ പത്ത് . ദസ്റയെന്നാൽ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയിൽ ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നു. പത്തുതലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്റ എന്ന പേരു വന്നത്.
‘ദസറ’ അഥവാ വിജയദശമി ഹൈന്ദവവിശ്വാസപ്രകാരം രാവണനെതിരേ ശ്രീരാമനും മഹിഷാസുരനെതിരേ ദുർഗ്ഗാദേവിയും നേടിയ വിജയത്തെ ആഘോഷിക്കുന്നു. പ്രത്യേക ആചാരങ്ങളാൽ അടയാളപ്പെടുത്തിയ ഈ വിശ്വാസം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ഇത് പ്രതീകവൽക്കരിക്കുന്നു .
ഹിന്ദു പുരാണങ്ങളിലെ രണ്ട് സുപ്രധാന വിജയങ്ങളെ സ്‌മരിച്ചുകൊണ്ടാണ് ഈ ഉത്സവം ആഘോഷിക്കപ്പെടുന്നത് . അസുരരാജാവായ രാവണനെതിരെ ശ്രീരാമൻ്റെ വിജയവും രാക്ഷസനായ മഹിഷാസുരനെതിരെ ദുർഗ്ഗാദേവിയുടെ വിജയവും. ശ്രീരാമൻ്റെയും ദുർഗ്ഗാദേവിയുടെയും കഥകൾ വിജയദശമിയുടെ കേന്ദ്രമാണ്. രാമായണമനുസരിച്ച്, മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീരാമൻ തൻ്റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടുപോയ രാക്ഷസനായ രാവണനോട് യുദ്ധം ചെയ്തു. കഠിനമായ പോരാട്ടത്തിന് ശേഷം, അദ്ദേഹം വിജയിക്കുന്നു.സത്യത്തിൻ്റെയും നീതിയുടെയും ശക്തിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഈ ദിവസം ഹിന്ദുക്കൾക്ക് വിജയത്തിൻ്റെ ആഘോഷദിനമാണ്.
മറ്റൊരു വിവരണത്തിൽ, ദൈവിക സ്ത്രീശക്തിയെ ഉൾക്കൊള്ളുന്ന ദുർഗ്ഗാ ദേവി, ദുഷ്ടനായ മഹിഷാസുരനോട് യുദ്ധം ചെയ്തു. പത്ത് ദിവസത്തെ യുദ്ധത്തിന് ശേഷം, വിജയദശമി ദിനത്തിൽ സംഹാര രുദ്രയായിമാറിയ ദുർഗ്ഗാദേവി അസുരനെ കൊലപ്പെടു ത്തുന്നു.
ഇരുട്ടിനെ കീഴടക്കുന്ന വെളിച്ചത്തിൻ്റെ ശക്തമായ സന്ദേശമാണ് ഈ ഐതിഹ്യങ്ങൾ മുന്നോട്ടുവെക്കുന്നത്.
വിജയദശമി വെറുമൊരു ഉത്സവം മാത്രമല്ല; ശരിയും തെറ്റും തമ്മിൽ നടന്ന പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തൽകൂടിയാണ് ധൈര്യമുള്ളവരായിരിക്കാനും നേരിൻ്റെ പാത പിന്തുടരാനും പ്രതിബന്ധങ്ങൾക്കെതിരെ പോരാടാനും അത് നമ്മെ പ്രചോദിപ്പിക്കുന്നു . രാമ-ദുർഗ്ഗമാരുടെ വിജയകഥയിൽ ആധുനിക കാലത്ത് ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ,നീതിയോടെയും ശക്തിയോടെയും തരണം ചെയ്യാനുള്ള ഉൾകരുത്ത് പകരുന്നൊരു ആശയമുണ്ട് . പുരാണങ്ങൾ പ്രസക്തമാകുന്നത് അതിലെ നന്മകളെ
നാം തെരഞ്ഞെടുക്കുമ്പോഴാണ് .ലോകം മുഴുവൻ , ജനിതകമാറ്റം വന്ന വൈറസുകളെപ്പോലെ തിന്മകൾ
പലരൂപത്തിൽ വർദ്ദിച്ചുവരുമ്പോൾ അതിനെ നന്മകൊണ്ട് പൊരുതിജയിക്കാനുള്ള കരുത്ത് എല്ലാവർക്കും ഉണ്ടാകട്ടെ …
ഈ ആഘോഷങ്ങൾ നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും സമൃദ്ധിയും വിജയവും സന്തോഷവും നൽകട്ടെ…
എല്ലാ .വായനക്കാർക്കും സഹ്യാടിവിയുടെ വിജയദശമി ആശംസകൾ….