സർക്കാറിൽ നിന്നും നീതി ലഭിക്കാതെ വിജയ രാഘവൻ വിട പറഞ്ഞു

0

മരണത്തിന് കീഴടങ്ങിയത് ദുഷിച്ച സർക്കാർ വ്യവസ്ഥിതിയുടെ ഇര

മുരളി പെരളശ്ശേരി

മുംബൈ: നാലര പതിറ്റാണ്ടോളം നീതി നിഷേധത്തിനെതിരെ പോരാടി പരാജയപ്പെട്ട് ,ഒടുവിൽ രോഗാതുരനായി മാറിയ വിജയരാഘവൻ (75 )ഇന്ന് രാവിലെ ഡോംബിവിലിയിലെ വാടക വസതിയിൽ മരണപ്പെട്ടു.
ഒരു കമ്മ്യുണിസ്റ്റായതിൻ്റെ പേരിൽ മാത്രം കഷ്ട്ടപെട്ടു നേടിയെടുത്ത സർക്കാർ ജോലി നഷ്ടപ്പെടുകയും ശേഷം ജീവിതത്തിൻ്റെ ഭൂരിഭാഗവും നിയമപോരാട്ടം നടത്തി തളർന്നു കിടക്കേണ്ടിവരികയും ചെയ്ത ഹതഭാഗ്യനാണ് വിജയരാഘവൻ. ഹൃദയാഘാതത്തെത്തുടർന്നു ഒരു ഭാഗം തളർന്നുപോയെങ്കിലും ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ഒരു വിധം നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അധികാര കേന്ദ്രങ്ങളിൽ തന്നോട് കാണിച്ച അനീതിക്കെതിരെ നിവേദനങ്ങളും കേസുമായി അദ്ദേഹം മുന്നോട്ട് പോയിരുന്നു. പക്ഷേ ഒരു സർക്കാർ സംവിധാനവും അദ്ദേഹത്തോട് മരണം വരെ കരുണ കാണിച്ചില്ല .

കോഴിക്കോട് കൊമ്മേരി അരീക്കുളങ്ങര കുടുംബാംഗമായ വിജയരാഘവന് വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനെ തുടർന്നാണ് കോളേജ് പഠനം ഉപേക്ഷിക്കേണ്ടിവന്നത് .ഒരു തൊഴിലിനുവേണ്ടിയുള്ള അലച്ചിൽ അവസാനിച്ചത് ഇന്ത്യൻ കരസേനയിൽ തൊഴിലവസരം ലഭിച്ചപ്പോഴാണ്. കരസേനയുടെ മദ്രാസ് ഇ ഞ്ചിനിയറിംഗ് സെന്ററിൽ 1969 ൽ ചേർന്ന അദ്ദേഹം ബാംഗ്ളൂർ ,ഔറംഗബാദ് എന്നിവിടങ്ങളിലെ രണ്ടുവർഷത്തെ സൈനിക പരിശീലനത്തിന് ശേഷം ക്ളർക്കായി ജോലിയിൽ പ്രവേശിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി അദ്ദേഹത്തിന് ഒരു കത്ത് ലഭിക്കുകയാണ് . ” താങ്കളുടെ സേവനം സൈന്യത്തിന് ഇനി ആവശ്യമില്ല ” എന്ന സന്ദേശമായിരുന്നു അതിൽ. എന്താണ് കാരണമെന്ന്
വിജയരാഘവന് മനസ്സിലായില്ല . കമ്മ്യുണിസ്റ്റുകാരേയും ആർഎസ്എസുകാരെയും രാജ്യദ്രോഹികളായി കണ്ട് സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുന്ന 1954 ലെ പോലീസ് വെരിഫിക്കേഷൻ ആക്റ്റ് പ്രകാരമാണ് പിരിച്ചു വിട്ടതെന്ന് പിന്നീട് അദ്ദേഹത്തിന് മനസ്സിലായി . എല്ലാ പ്രതീക്ഷകളും അസ്തമിച്ചു നിരാശയോടെ നാട്ടിൽ ഒതുങ്ങികൂട്ടിയപ്പോഴാണ് , ‘മഹാരാഷ്ട്ര പോസ്റ്റ് ആന്റ് ടെലിഗ്രാഫി’ൽ ജോലിക്കുള്ള ശുപാർശ ചെയ്‌തിട്ടുണ്ട്‌ എന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് സൈന്യത്തിൽ നിന്നും വിജയരാഘവനെ തേടിയെത്തുന്നത് . ആറു മാസത്തെ ശ്രമങ്ങൾക്കൊടുവിൽ 1973ൽ മുംബൈയിലേക്ക്‌ വിളിപ്പിക്കുന്നു.
വെറുംകൈയോടെ മുംബൈയിലെത്തിയ വിജയരാഘവനെ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട പ്രഭാകര പണിക്കരും കുടുംബവുമാണ് ഡോംബിവ്‌ലിയിൽ എത്തിക്കുന്നത്. അവരുടെ കൂടെ നിന്നാണ് ഘാട്കോപ്പറിലും ചിഞ്ച് ബന്ദർ പോസ്റ്റോഫീസിലുമായുള്ള പരിശീലനം പൂർത്തിയാക്കുന്നത് .സ്റ്റൈപ്പന്റായി 80രൂപയായിരുന്നു ലഭിച്ചു കൊണ്ടിരുന്നത് .

1973 സെപറ്റംബർ 10 ന് വിലെപാർലെ പോസ്‌റ്റോഫീസിൽ ഏറേ ആഹ്ളാദത്തോടെയാണ് വിജയരാഘവൻ ജോലിയിൽ പ്രവേശിക്കുന്നത്. കുടുംബം അനുഭവിക്കുന്ന എല്ലാ ദാരിദ്ര്യവും ഇതോടെ അവസാനിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.പക്ഷേ കഷ്ടകാലം വിജയരാഘവൻ്റെ കൂടെത്തന്നെയുണ്ടായിരുന്നു. ക്ളർക്കായിരുന്ന അദ്ദേഹത്തെ രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും ജോലിയിൽ നിന്ന് പിരിച്ചു വിട്ടു .

വിജയ രാഘവൻ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് നിവേദനം അയച്ചതുപ്രകാരമാണ് പിരിച്ചിവിടലിനു കാരണം കമ്മ്യുണിസ്റ്റ് ബന്ധമാണെന്ന് അറിയുന്നത്. അന്നത്തെ മഹാരാഷ്ട്രയിലെ തപാൽ വകുപ്പ് മേധാവി മലയാളിയായ നൂർജഹാൻ വിജയ രാഘവനെ തിരിച്ചെടുക്കാൻ ശ്രമം നടത്തിയെങ്കിലും മുകളിൽ നിന്നുള്ള സമ്മർദ്ദം കാരണം ഒന്നും നടന്നില്ല .നിവേദനം ലഭിച്ച രാഷ്ട്രപതിയും സുപ്രീം കോടതിയും ഇടപെട്ടിട്ടും വിജയരാഘവൻ്റെ കാര്യത്തിൽ രു തീരുമാനവും ആയില്ല. കരസേനയിലെ അംഗമായി സേനയുടെ ചട്ടങ്ങൾക്കനുസരിച്ച് ജോലി ചെയ്യുന്ന ഒരാളെ പഴയ പാർട്ടിബന്ധത്തിന്റെ പേരിൽ നടപടി എടുക്കുന്നത് നിയമവിരുദ്ധമാണ് എന്ന് ഭരണഘടനയിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി സുപ്രീകോടതി ഉത്തരവൊക്കെ പുറത്തിറക്കി എങ്കിലും നഷ്ട്ടപെട്ടതൊന്നും വിജയരാഘവന് തിരിച്ചു കിട്ടിയില്ല .
പാർട്ടി തലത്തിൽ ബ്രാഞ്ച് സെക്രട്ടറി മുതൽ അന്നത്തെ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനുവരെ നിവേദനങ്ങൾ നൽകി .എല്ലാ നേതാക്കളെയും കണ്ടു . ഒന്നും നടന്നില്ല .
ഒരിക്കൽ ഞാൻ വിജയ രാഘവനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ഇരുന്നൂറ്റി അമ്പതോളം നിവേദനങ്ങളുടെ പകർപ്പുണ്ടായിരുന്നു .
” പാർട്ടിക്ക് വേണ്ടി ചുമരെഴുതിയും നിവേദനങ്ങൾ എഴുതിയും കൈയക്ഷരം നന്നായി ,എന്നത് മാത്രം മിച്ചം .സമ്പാദ്യം ഈ നിവേദനങ്ങളും “ ഏറെ നിരാശയോടെ, ചിരിച്ചുകൊണ്ട് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

പ്രധാനമന്ത്രി ആയിരിക്കുമ്പോൾ നിവേദനം ലഭിച്ച രാജീവ്ഗാന്ധി ആത്മാർത്ഥമായി പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. അത് പ്രകാരം തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിജയരാഘവൻ്റെ വീട്ടിലെത്തി അന്യേഷണം നടത്തുകയും ചെയ്തിരുന്നു.പക്ഷെ ആകസ്മികമായി രാജീവ്ഗാന്ധി കൊല്ലപ്പെട്ടതോട് കൂടി പിന്നീടൊന്നും നടന്നില്ല . വിജയരാഘവനോട് അനീതി കാണിച്ചു എന്ന് ബോധ്യപ്പെട്ട സുപ്രീം കോടതി അദ്ദേഹത്തിന്റെ ഹരജി പരിഗണിച്ചിരുന്നു . പക്ഷെ അപ്പോഴേക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും രോഗങ്ങളും കാരണം വിജയരാഘവൻ തളർന്നു കഴിഞ്ഞിരുന്നു.
വിജയ രാഘവന്റെ രണ്ടുപെൺമക്കളെയും വിവാഹം ചെയ്‌തിരിക്കുന്നത്‌ മഹാരാഷ്ട്രീയരാണ് .

നീതി നിഷേധത്തിൻ്റെ ഇരയാണ് വിജയരാഘവൻ . ‘രക്തസാക്ഷി’ എന്നും പറയാം .ജീവിക്കേണ്ട പ്രായം മുഴുവൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുണ്ടാക്കിയ നിയമങ്ങൾ അദ്ദേഹത്തെ ജീവിക്കാൻ അനുവദിച്ചില്ല എന്നതാണ് ക്രൂരമായ യാഥാർഥ്യം.
വിജയരാഘവന് ആദരാഞ്ജലികൾ

Spread the love

Leave a Reply

Your email address will not be published. Required fields are marked *