വിജയലക്ഷ്മിയുടെ തലയിൽ മാത്രം പതിമൂന്നു വെട്ടുകള്‍: മരണകാരണം ആഴത്തിലുള്ള മുറിവ്
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് വിവരം. വിജയലക്ഷ്മിയുടെ തലയിൽ 13ലധികം തവണ ജയചന്ദ്രൻ വെട്ടി. തലയുടെ പിൻഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. പ്രതിയായ ജയചന്ദ്രനെ റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്.മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ട പ്രദേശത്ത് തെങ്ങിന് തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു.
രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്.അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന് വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.