പിണറായി ഭരണകാലത്ത് കൈക്കൂലി കേസിൽ വിജിലൻസിന്‍റെ പിടിയിലായത് 146

കാസര്‍കോട്: സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കൈക്കൂലി കേസിൽ വിജിലൻസിന്‍റെ പിടിയിലായത് 146 സർക്കാർ ജീവനക്കാരാണ്. 393 അഴിമതി കേസുകളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്‌തു. കൈക്കൂലി കേസില്‍ പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തിനകം ഉദ്യോഗസ്ഥന് സര്‍വീസില്‍ തിരികെ കയറാന്‍ കഴിയുമെന്ന സ്ഥിതിവിശേഷം നിലവിലുണ്ട്.
സസ്പെന്‍ഷന്‍ കാലത്ത് 35 ശതമാനം ശമ്പളം തടഞ്ഞു വക്കുന്നതാണ് ആകെ കിട്ടുന്ന ശിക്ഷ. സസ്പെന്‍ഷന്‍ ഒഴിവായാല്‍ മുഴുവന്‍ ശമ്പളവും ലഭിക്കും. കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തടഞ്ഞു വച്ച ശമ്പളവും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ കിട്ടും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കലും പ്രഹസനമാവുകയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇത്തരം കേസില്‍ വകുപ്പു മേധാവിക്ക് റിപ്പോര്‍ട്ട് അയക്കല്‍ മാത്രമാണ് വിജിലന്‍സിന്‍റെ ചുമതല.
നടപടി ആരംഭിച്ചാലും ഉടനടി സസ്പെന്‍ഷന്‍ ഉണ്ടാവില്ല. വകുപ്പുതല അന്വേഷണം നീണ്ടുപോകുന്നതും പ്രോസിക്യൂഷന്‍ നടപടിക്കുള്ള ഫയല്‍ ‘മുങ്ങുന്നതും’ പതിവ് കാഴ്‌ചയാണ്. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നിലവിലുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആഭ്യന്തര – വിജിലന്‍സ് സംവിധാനം ഉപയോഗിച്ച് പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് ചട്ടമെങ്കിലും കേസുകള്‍ അതാത് ഓഫിസുകളില്‍ ഒതുക്കി തീര്‍ക്കുകയാണ് പതിവെന്നും പരാതി ഉയരുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പേര്‍ കൈക്കൂലി കേസില്‍ പിടിക്കപ്പെട്ടത് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്. ഇവിടെ 17 പേർ വീതമാണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായത്.
കണ്ണൂര്‍ – 11,ഇടുക്കി – 13,കാസര്‍കോട് – 13 ,തിരുവനന്തപുരം – 14,പാലക്കാട് – 12, ഇടുക്കി – 13 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.