കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
നാഗർകോവിൽ : പോലീസ് ഇൻസ്പെക്ടർ 1.15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. നാഗർകോവിൽ നേശമണിനഗർ ഇൻസ്പെക്ടർ അൻപുപ്രകാശ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കാൻ മൂന്ന് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട ഇൻസ്പെക്ടറാണു പിടിയിലായത്. ഇത്താമൊഴി സ്വദേശി രാജൻ, ഇൻസ്പെക്ടറുടെ വെള്ളമഠത്തുള്ള വീട്ടിൽച്ചെന്ന് കൈക്കൂലി കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. വിജിലൻസിന്റെ നിർദേശപ്രകാരമാണ് രാജൻ കഴിഞ്ഞ ദിവസം രാത്രി പണവുമായി വീട്ടിൽ ചെന്നത്. തെങ്ങംപുതൂർ സ്വദേശിയെ പലിശ ചോദിച്ച് ഭീഷണിപ്പെടുത്തിയതായി രാജൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിൽ ബന്ധമില്ലെന്ന് കാണിച്ച് രാജൻ എസ്പിക്ക് പരാതി നൽകി. അന്വേഷണത്തിൽ രാജൻ നിരപരാധിയാണെന്ന് തെളിഞ്ഞതിനാൽ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കാൻ എസ്പി നിർദേശം നൽകി. കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ ഇൻസ്പെക്ടർ ആവശ്യപ്പെട്ടു. 1.85 ലക്ഷം നൽകിയിട്ടും കേസിൽനിന്ന് ഒഴിവാക്കാത്ത സാഹചര്യത്തിലാണ് എസ്പിക്കും, വിജിലൻസിനും രാജൻ പരാതി നൽകിയത്. കളിയിക്കാവിള പോലീസ് സ്റ്റേഷനിൽ കവർച്ചക്കേസിൽ പ്രതിയുടെ പക്കൽനിന്ന് പിടിച്ചെടുത്ത 38 പവൻ ആഭരണങ്ങളിൽ 20 പവൻ ഒളിപ്പിച്ചതായി അൻപുപ്രകാശിനെതിരേ നിലവിൽ കേസുണ്ട്. അൻപുപ്രകാശിന് കൈക്കൂലി വാങ്ങാൻ സഹായങ്ങൾ ചെയ്ത നേശമണിനഗർ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി.
