തുറന്നുപറഞ്ഞ് വിദ്യാ ബാലൻ ; ആ വാക്കുകൾ തകർത്തു, ആറുമാസത്തോളം കണ്ണാടിയിൽ നോക്കാനായില്ല
സിനിമാമേഖലയിലേക്ക് കടന്നുവരുമ്പോൾ നേരിടേണ്ടിവന്നിട്ടുള്ള പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് നടി വിദ്യാ ബാലൻ. കരിയറിന്റെ തുടക്കത്തിൽ ഷൂട്ടിങ്ങിനിടയിൽ വെച്ച് സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇതന്വേഷിച്ചപ്പോൾ നിർമാതാവ് മോശമായി പെരുമാറിയെന്നും വിദ്യാ ബാലൻ പറഞ്ഞു. ഇതിനെ തുടർന്ന് ആറുമാസത്തോളം കണ്ണാടിയിൽ നോക്കാൻ സാധിച്ചിട്ടില്ലെന്നും വിദ്യ പറഞ്ഞു.
ഞാൻ ഒരു തമിഴ് സിനിമയുടെ ഭാഗമായി രണ്ട് ദിവസം അഭിനയിച്ചു. എന്നാൽ അതിന് ശേഷം എനിക്ക് പകരം മറ്റൊരാൾ വന്നു. മാതാപിതാക്കളോടൊപ്പം ഇക്കാര്യം ചോദിക്കാൻ നിർമാതാവിന്റെ ചെന്നൈയിലെ ഓഫീസിലെത്തി. അവിടെ വച്ച് സിനിമയിലെ ഒരു ഭാഗം തന്റെ മാതാപിതാക്കൾക്ക് കാണിച്ചുകൊടുക്കുകയും തന്നെ കണ്ടാൽ ഒരു ഒരു നായികയാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. അഭിനയിക്കാനോ ഡാൻസ് കളിക്കാനോ അറിയില്ലെന്നും അയാൾ പറഞ്ഞതായി വിദ്യാബാലൻ പ്രതികരിച്ചു.
നിർമാതാവിന്റെ വാക്കുകൾ തന്നെ ഏറെ നാൾ വേട്ടയാടിയെന്നും നടി വെളിപ്പെടുത്തി. സ്വയം മോശമാണെന്ന തോന്നലിൽ ആറു മാസത്തോളം കണ്ണാടിയിൽ നോക്കിയിട്ടില്ല. നിങ്ങൾക്ക് ഒരാളെ ഒഴിവാക്കണമെങ്കിൽ അങ്ങനെ ചെയ്‌തോളൂ, പക്ഷേ വാക്കുകൾ മിതമായി ഉപയോഗിക്കണം. കാരണം വാക്കുകൾക്ക് ഒരാളെ തകർക്കാനുള്ള ശക്തിയുണ്ട്.- നടി പറഞ്ഞു.
ആളുകളോട് ദയയോടെ ഇടപെടണമെന്ന് ഈ സംഭവം പഠിപ്പിച്ചെന്നും ആറുമാസത്തോളം നിർമാതാവ് തന്റെ പ്രതിച്ഛായ തകർത്തെന്നും വിദ്യാബാലൻ പറഞ്ഞു. സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന കാര്യം നേരത്തേ തന്നെ നടി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
സിനിമാ പരമ്പരയായ ഭൂൽ ഭൂലയ്യയുടെ മൂന്നാം ഭാഗമാണ് വിദ്യാ ബാലന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കാർത്തിക് ആര്യനാണ് നായകവേഷത്തിൽ. രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ച റൂഹ് ബാബ എന്ന കഥാപാത്രത്തെ അദ്ദേഹം വീണ്ടും അവതരിപ്പിക്കുന്നു. ത്രിപ്തി ദിമ്രിയാണ് മറ്റൊരു സുപ്രധാനവേഷത്തിലെത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.