യുഎസിൽ തരംഗമായി ‘നാച്ചോ നാച്ചോ’– വിഡിയോ; പാട്ടുംപാടി വോട്ടുപിടിച്ച് കമല
വാഷിങ്ടൻ ∙ യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകവെ ബോളിവുഡ് മട്ടിലുള്ള പാട്ടുമായി ഡെമോക്രാറ്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. ‘നാച്ചോ നാച്ചോ’ എന്ന ഗാനമാണു കമലയുടെ പ്രചാരണത്തിനായുള്ള നാഷനൽ ഫിനാൻസ് കമ്മിറ്റി അംഗം അജയ് ഭൂട്ടോറിയ പുറത്തിറക്കിയത്. ഇന്ത്യൻ വംശജയായ കമല, തെക്കേ ഏഷ്യൻ വോട്ടർമാരെ ലക്ഷ്യമിട്ടാണു പാട്ടിറക്കിയത്.
1.5 മിനിറ്റ് ദൈർഘ്യമുള്ള പാട്ടു വിഡിയോയിൽ കമലയുടെ പ്രചാരണത്തിലെ കാഴ്ചകളും ‘ഹമാരി യേ കമല ഹാരിസ്’ എന്ന ഹിന്ദി വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജമൗലിയുടെ ആർആർആർ എന്ന സിനിമയിലെ ജനപ്രിയ ഗാനമായ ‘നാട്ടു നാട്ടു’ താളത്തിലാണ് നാച്ചോ നാച്ചോ ഒരുക്കിയിട്ടുള്ളത്. ഇത്തവണ വോട്ട് കമലയ്ക്ക് എന്ന് ആളുകൾ പറയുന്നതും കാണാം. പ്രധാന സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം തെക്കേ ഏഷ്യൻ വോട്ടർമാരെ സ്വാധീനിക്കാൻ പാട്ടിനാകും എന്നാണു കണക്കുകൂട്ടൽ.
റിതേഷ് പാരിഖ് നിർമിച്ച് ശിബാനി കശ്യപ് പാടിയ ഈ വിഡിയോയിൽ തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഹിന്ദി ഭാഷകളിലുള്ള കമ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങളുമുണ്ട്. ഇന്ത്യൻ-അമേരിക്കൻ ജനതയുടെ ‘പ്രകാശപൂരിതമായ ഭാവി’യുടെ പ്രതിനിധിയാണു കമലയെന്നു ഭൂട്ടോറിയ പറഞ്ഞു. നിർണായക തിരഞ്ഞെടുപ്പിൽ നമ്മുടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനാണു ബോളിവുഡ് സംഗീതം ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.