രജനികാന്ത് നായകനാകുന്ന വേട്ടയ്യന്റെ പ്രിവ്യു വിഡിയോ പുറത്തിറക്കി
തമിഴ് സൂപ്പർ താരം രജനികാന്തിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വേട്ടയ്യൻ. പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രം കൂടിയാണിത് . ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും പ്രേക്ഷർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്നുണ്ട് . ചിത്രത്തിലെ രജനികാന്തിന്റെ ലുക്കും ആരാധകർക്കിടയിൽ ഹിറ്റായി കഴിഞ്ഞു. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ രജനിയെത്തുക. സത്യദേവെന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.ഇപ്പോഴിതാ വേട്ടയ്യന്റെ പ്രിവ്യു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. രജനിക്കൊപ്പം ഫഹദ് ഫാസിൽ, റാണ ദഗുബതി, മഞ്ജു വാര്യർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, രോഹിണി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ നടൻ സാബു മോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന സൂചനയാണ് പ്രിവ്യു വിഡിയോ നൽകുന്നത്.
പ്രധാന വില്ലനാണോ സാബു മോൻ എന്ന ചർച്ചയും ഇതോടെ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.പ്രിവ്യു വിഡിയോയിൽ സാബു മോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റിവ് റോളിലാകും അദ്ദേഹം ചിത്രത്തിലെത്തുക. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുക. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. മനസിലായോ എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ടും ട്രെൻഡിങ്ങായി മാറിയിരുന്നു.