വിജയുടെ പാർട്ടി തമിഴക വെട്രി കഴകം: ഒരു മണിക്കൂറിനുള്ളിൽ 20 ലക്ഷം ആളുകൾ അംഗത്വമെടുത്തു
ചെന്നൈ: നടൻ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകം എന്ന പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും വെബ്സൈറ്റ് വഴിയും അംഗത്വമെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്ക്കരിച്ചത്.
ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽപ്പരം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റിൽ കയറിയത്. ഇതോടെ സൈറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷകണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്.
പിറപോകും എല്ലാ ഉയിരുക്കും എന്ന അടിക്കുറിപ്പിന് കീഴിൽ താൻ നൽകിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയിൽ ചേരാൻ വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
വനിതാദിനത്തിൽ ഇന്നലെയാണ് വിജയ് തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റർപാഡുകളിൽ അറിയിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണമെന്നാണ് ഇതിൽ ഒരു പോസ്റ്റിൽ പറയുന്നത്. 2026 അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനാണ് വിജയ്യുടെ പാർട്ടി ലക്ഷ്യമിടുന്നത്.