ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു.

മുംബൈ: ദേശസ്നേഹ സിനിമകളിലൂടെ ജനപ്രിയ നായകനായിമാറിയ സിനിമാ നിർമ്മാതാവും നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ 4:03ന് മുംബൈയിലെ കോകിലബൈന്‍ ധീരുഭായ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലിവര്‍ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായ അദ്ദേഹത്തെ ഫെബ്രുവരി 21നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബോളിവുഡ് ചലച്ചിത്ര രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് മനോജ് കുമാര്‍. അദ്ദേഹത്തിന്‍റെ ഷഹീദ്, ഉപ്‌കർ, രംഗ് ദേ ബസന്തി എന്നീ ചിത്രങ്ങള്‍ ആരാധകര്‍ നെഞ്ചേറ്റിയവയാണ്. ദേശസ്‌നേഹം നിറഞ്ഞ് നിന്ന സിനിമകളിലെ അഭിനയത്തെ തുടർന്ന് ആരാധകർ ‘ഭാരത് കുമാർ’ എന്ന വിശേഷണം അദ്ദേഹത്തിന് നൽകിയിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ ഖൈബർ പഖ്തൂൺഖ്വ, പാകിസ്ഥാൻ) വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഒരു പട്ടണമായ അബോട്ടാബാദിലാണ് മനോജ്‌കുമാറിൻ്റെ ജനനം . വിഭജനത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ജാൻഡിയാല ഷേർഖാനിൽ നിന്ന് ഡൽഹിയിലേക്ക് കുടിയേറി. സിനിമകളിൽ ഭാഗ്യം പരീക്ഷിക്കുന്നതിന് മുമ്പ് കുമാർ ഹിന്ദു കോളേജിൽ നിന്ന് ആർട്സ് ബിരുദം നേടി. ചെറുപ്പത്തിൽ, നടന്മാരായ ദിലീപ് കുമാർ, അശോക് കുമാർ, കാമിനി കൗശൽ എന്നിവരെ അദ്ദേഹം ആരാധിച്ചിരുന്നു, നടൻ ദിലീപ് കുമാറിൻ്റെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ഒരു സിനിമയിലെ ദിലീപ്‌കുമാറിൻ്റെ കഥാപാത്രത്തിന്റെ പേര് ‘മനോജ് കുമാർ’ എന്നത് സ്വന്തം പേരാക്കി മാറ്റുകയായിരുന്നു.
ഇന്ത്യന്‍ സിനിമ ലോകത്തെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ നിരവധി അംഗീകാരങ്ങളും താരത്തിന് നേടികൊടുത്തിട്ടുണ്ട്. ഇന്ത്യൻ കലകൾക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് 1992ൽ ഇന്ത്യാ ഗവൺമെന്‍റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. 2015ൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന അംഗീകാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡും അദ്ദേഹത്തിന് സ്വന്തമായി.
മനോജ്‌കുമാറിൻ്റെ ഭാര്യ ശശി ഗോസ്വാമി റേഡിയോ നാടകരംഗത്ത് സുപരിചിതയാണ് .മക്കൾ വിശാൽ ഗോസ്വാമിയും കുനാൽ ഗോസ്വാമിയും സീരിയൽ -സിനിമാമേഖലയിൽ പ്രവർത്തിക്കുന്നു.