ജാമ്യാപേക്ഷയില്‍ വിധി നാളെ; എതിര്‍പ്പുമായി പ്രോസിക്യൂഷന്‍

ബിലാസ്‌പുര്‍:മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ട് കേരള കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ കോടതി വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ച വാദം കേട്ട പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷി ശനിയാഴ്ച വിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ദൗറാം ചന്ദ്രവന്‍ഷി അറിയിച്ചു.
അതേസമയം, ബിജെപി നേതൃത്വം അറിയിച്ചതിനു വിപരീതമായി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസിന്‍റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും, ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
എന്നാല്‍, പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അമൃതോ ദാസ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കേസില്‍ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരകളെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകളെല്ലാം പ്രായപൂര്‍ത്തിയായവരും നേരത്തെ തന്നെ ക്രിസ്തുമതം സ്വീകരിച്ചവരുമാണ്. അവരെ ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായോ കൊണ്ടുപോയതല്ലെന്ന് അവരുടെ മാതാപിതാക്കളുടെ മൊഴികള്‍ സ്ഥിരീകരിക്കുന്നതായും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കത്തോലിക്കാ കന്യാസ്ത്രീകളെയും സുകമാന്‍ മാണ്ഡവി എന്ന വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് യുവ ആദിവാസി സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനായി കടത്തിക്കൊണ്ടുപോയി എന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം.