പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്
തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്കും
സഹായിയായ ഗ്രീഷ്മയുടെ അമ്മാവനും ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ മതിയായ തെളിവുകൾ ലഭിക്കാത്തതു കാരണം കോടതി കുറ്റവിമുക്തയാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.എന്നാൽ കുടുംബം ആ അഭിപ്രായത്തിൽ നിന്ന് മാറിയിരിക്കയാണ് . കോടതി വിധിയിൽ പരിപൂർണ്ണ തൃപ്തരാണെന്നും ഗ്രീഷ്‌മയ്‌ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു .
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പരിഗണിച്ച് വധശിക്ഷ വിധിക്കണമെന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിക്കുമോയെന്നതാണ് നിര്‍ണായകം.
എന്നാൽ ഇന്ന് വാദം മാത്രമേ നടക്കൂ . ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച്ച ആയിരിക്കുമെന്നും ഔദ്യോഗികമല്ലാത്ത വാർത്തകൾ വരുന്നുണ്ട്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് ഗ്രീഷ്മ കുറ്റവാളിയെന്ന് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കിയത്.
ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഷാരോണും ഗ്രീഷ്മയുമായും വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു.