പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു
തൃശൂര്‍: പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 മുതല്‍ പാചക മേഖലയില്‍ സജീവമായിരുന്നു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊണ്ടു കൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകളും കണ്ണന്‍ സ്വാമി കണ്ടെത്തി. 1994ല്‍ കൃഷ്ണ കാറ്ററിംഗ് എന്ന പേരില്‍ ഒരു ചെറുകിട യൂണിറ്റ് സ്ഥാപിച്ചു. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍നാഷണല്‍ ക്വാളിറ്റി മാനേജ്‌മെന്റ് പുരസ്‌കാരം കൃഷ്ണകാറ്ററിംഗിന് ലഭിച്ചിട്ടുണ്ട്. കലോത്സവങ്ങളിലും കണ്ണന്‍ സ്വാമി ഭക്ഷണമൊരുക്കിയിട്ടുണ്ട്. 2006, 2008, 2009 വര്‍ഷങ്ങളില്‍ സിബിഎസ്ഇ കലോത്സവത്തിന് ഭക്ഷണമൊരുക്കി. ക്ഷേത്രാഘോഷങ്ങള്‍ക്കും പ്രശസ്തമായ ഒല്ലൂര്‍പ്പള്ളി തിരുനാളിനും ആയിരങ്ങള്‍ക്ക് വിഭവങ്ങളൊരുക്കി. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന്.