സിഎഫ്ആഒ അന്വേഷണം തുടരാമെന്ന വിധിയിൽ, വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ
ബെംഗളൂരു: എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ സിഎഫ്ആഒ അന്വേഷണം തുടരാമെന്ന വിധിയിൽ വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ. തീർത്തും നിയമപരമായാണ് കേസ് സിഎഫ്ആഒയ്ക്ക് കൈമാറിയതെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ ഇടപാടുകളിൽ നിയമലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കിൽ തുടരന്വേഷണത്തിന് അവരുടെ കയ്യിൽ കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി സംശയലേശമന്യേ വിധിയിൽ വ്യക്തമാക്കുന്നു.
എക്സാലോജിക് ഉയർത്തിയ പല വാദഗതികളെയും പാടേ തള്ളുകയാണ് ജസ്റ്റിസ് എം നാഗപ്രസന്ന വിധിപ്രസ്താവത്തിൽ. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം ആർഒസി അന്വേഷണം നടക്കവേ, സിഎഫ്ആഒയ്ക്ക് കേസ് കൈമാറിയത് നിയമപരമല്ലെന്ന വാദം കോടതി തള്ളി. കടുത്ത നിയമലംഘനം നടന്നെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നെങ്കിൽ വിശാലാന്വേഷണം നടത്താൻ തീരുമാനിക്കാം. അത് ഹർജിക്കാരിയുടെ അവകാശത്തെ ഹനിക്കുന്നതല്ല. അത് സമാന്തര അന്വേഷണവുമല്ല. ആർഒസി അന്വേഷണം നടത്തി പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയ ശേഷം ആവശ്യമെങ്കിൽ മാത്രമേ സിഎഫ്ആഒ അന്വേഷണം പ്രഖ്യാപിക്കേണ്ടതുള്ളൂ എന്ന വാദം നിലനിൽക്കില്ല. ഇടപാടുകളിൽ നിയമലംഘനം നടന്നെന്ന് പരാതി കിട്ടിയാൽ അന്വേഷണത്തിനിടെയാകാം പല കാര്യങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തുക. അത്തരത്തിൽ ലഭിക്കുന്ന അന്വേഷണം കൂടുതൽ കണ്ടെത്തലുകളിലേക്ക് നയിക്കുമെങ്കിൽ അത് തുടരണം. അത്തരം അന്വേഷണങ്ങളിൽ ഒരു തരത്തിലും ഉദ്യോഗസ്ഥരുടെ കയ്യിൽ കൂച്ചുവിലങ്ങിടാൻ കോടതി ശ്രമിക്കില്ലെന്നും വിധി പ്രസ്താവത്തിൽ പറയുന്നു.