തെറ്റ് ഏറ്റ് പറയാനുള്ള മനസ് വേടനെ വ്യത്യസ്തനാക്കി

ഇടുക്കി: സർക്കാരും പൊതുജനങ്ങളും വേടനൊപ്പമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കുമെന്നും തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും പൂർണരല്ല. വേടൻ തിരുത്താൻ തയ്യാറായത് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് 7.30ന് വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിലാണ് റാപ്പർ വേടന്റെ പരിപാടി. 8000 പേർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനമുണ്ടാവുക. സ്ഥലപരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേരെത്തുന്ന സാഹചര്യമുണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും.
തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 200 പൊലീസുകാരെയാണ് വിന്യസിക്കുക. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് വേടന്റെ പരിപാടി. ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടൻ പാടുക. നേരത്തെ, ഏപ്രിൽ 28-ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ വേടന്റെ പരിപാടി സർക്കാർ റദ്ദാക്കിയിരുന്നു.