വേടനെതിരായ പരാതി : മിനി കൃഷ്ണകുമാറിനെ പരസ്യ പ്രതികരണത്തിൽ നിന്ന് വിലക്കി

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറിന്റെ പരാതിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിരിക്കുന്നത്.
മിനി കൃഷ്ണകുമാറിന്റെ നടപടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. എന്ത് അടിസ്ഥാനത്തിലാണ് വേടനെതിരെ മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയതെന്നാണ് സംസ്ഥാന നേതൃത്വം ചോദിക്കുന്നത്. ഇനി വേടന്‍ പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസമായിരുന്നു വേടനെതിരെ മിനി കൃഷ്ണകുമാര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേടന്‍ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നും മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു മിനി കൃഷ്ണകുമാറിന്റെ ആവശ്യം. വേടന്റെ പാട്ടില്‍ രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള വാക്കുകളുണ്ടെന്ന് മിനി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വേടന്റെ ഗാനം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴാണ് ശ്രദ്ധപിടിച്ചതെന്നും പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ പാട്ടിലുണ്ടെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.