അടിച്ച് തകർത്ത കോൺഗ്രസ് ഓഫീസ് വി ഡി സതീശൻ സന്ദർശിക്കും
കണ്ണൂർ പിണറായിയിൽ സിപിഐഎം പ്രവർത്തകർ അടിച്ച് തകർത്ത കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. രാവിലെ 9 മണിയോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വെണ്ടുട്ടായിലേക്ക് എത്തുക. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചതിൻ്റെ തലേദിവസം രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ മുൻ നിശ്ചയ പ്രകാരം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള കെ സുധാകരൻ്റെ പ്രസംഗം വിവാദമായിരുന്നു. സിപിഐഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോൺഗ്രസിന് ഒറ്റ രാത്രി മതിയെന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.
സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ഡിസംബർ ഏഴിനായിരുന്നു പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ തകർത്തശേഷമായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ തകർത്തതിനൊപ്പം പ്രധാനപ്പെട്ട വാതിൽ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഓഫീസ് അക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇരുവരും സിപിഐഎം അനുഭാവികളാണ്.