വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു
കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. അതേസമയം, കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി.
എംഎ മലയാളം വിദ്യാർഥിയും കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റൽ ഇടിമുറിയില്‍ ക്രൂരമായി മര്‍ദിച്ച, എസ്എഫ്ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍നിന്നു പുറത്താക്കണം, ക്യാംപസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം, സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്.
ക്യാംപസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും കർശന നിർദേശം നൽകണം. കേരള സര്‍വകലാശാലയുടെ അന്തസ്സും സൽപേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാൻ ജോസിനെ ക്രൂരമായി ആക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു