വൈസ് ചാൻസലർമാരുടെ ഹിയറിങ് പൂർത്തിയായി; രാജി സമർപ്പിച്ച് എസ്.എൻ യൂണിവേഴ്‌സിറ്റി വി.സി മുബാറക് പാഷ

0

തിരുവനന്തപുരം : ഗവർണ്ണർ കടുപ്പിക്കുന്നതിനിടെയാണ് ഓപ്പൺ സർവ്വകലാശാല വിസി മുബാറക് പാഷ സ്വയം ഒഴിയാൻ രാജിക്കത്ത് നൽകിയത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു നാലു വിസിമാർക്ക് അവരുടെ ഭാഗം പറയാൻ രാജ്ഭവനിൽ ഹിയറിംഗ് വെച്ചത്. അതിന് കാത്ത് നിൽക്കാതെ കഴിഞ്ഞ ദിവസമാണ് പാഷാ രാജിക്കത്ത് നൽകിയത്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിങ്ങിന് വന്നത്. സംസ്കൃത വിസിയുടെ അഭിഭാഷകൻ ഓൺലൈൻ വഴി പങ്കെടുത്തു. യുജിസി ജോയിൻറ് സെക്രട്ടറിയും യുജിസിയുടെയും ഗവർണ്ണറുടെയും സ്റ്റാൻഡിംഗ് കൗൺസിൽമാരും ഹിയറിങ്ങിൽ ഉണ്ടായിരുന്നു. യുജിസി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങിൽ എടുത്ത നിലപാട്.

ആദ്യ വിസി എന്ന നിലക്ക് സർക്കാറിന് നേരിട്ട് നിയമിക്കാമെന്നായിരുന്നു ഡിജിറ്റൽ വിസിയുടെ വിശദീകരണം. കെടിയു വിസി. ഡോ.രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിൻറെ പേരിൽ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണ്ണർ മറ്റ് 11 വിസിമാർക്കെതിരെ നടപടി തുടങ്ങിയത്. ഇതിൽ നിലവിൽ ബാക്കിയുള്ള നാലുപേർക്കെതിരെയാണ് രാജ്ഭവൻ നീക്കം. യുജിസി റഗുലേഷൻ പ്രകാരം പാനൽ ഇല്ലാതെ ഒറ്റ പേരിൽ നിയമനമാണ് സംസ്കൃതവിസിക്കുള്ള കുരുക്ക്. ഓപ്പൺ, ഡിജിറ്റൽ വിസിമാരെ യുജിസി പ്രതിനിധിയില്ലാതെ സർക്കാർ നേരിട്ട് നിയമിച്ചതാണ് പ്രശ്നം. കാലിക്കറ്റ് വിസി നിയമനത്തിൽ ചീഫ് സെക്രട്ടറി സർച്ച് കമ്മിറ്റിയിലുണ്ടായതാണ് നിയമതടസ്സമായത്. പാഷയുടെ രാജിക്കത്തിലും ബാക്കി മൂന്ന് പേരുടെ വിശദീകരണത്തിലും ഇനി ഗവർണ്ണറുടെ നിലപാടാണ് സുപ്രധാനം. മാനദണ്ഡത്തിൽ വെള്ളം ചേർക്കാനാകില്ലെന്ന രാജ്ഭവൻ ആവർത്തിക്കുമ്പോൾ നാലുപേർക്കും പുറത്തേക്ക് പോകേണ്ടിവരും

Spread the love

Leave a Reply

Your email address will not be published. Required fields are marked *