പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

0
VAZHOOR

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്പീക്കർ എ എം ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ തുടങ്ങിയവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.

2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്. കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

നാല് പതിറ്റാണ്ടിലേറെ പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയിൽ പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ സോമൻ (മാതൃഭൂമി, കോഴിക്കോട്), അഡ്വ. സോബിത്ത് സോമൻ. മരുമകൾ: പൂജിത. എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.  രാവിലെ 11-ന് ഇടുക്കി വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. നാലുമണിക്ക് വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *