വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ് കുമാറിനു അനുമോദനം നൽകി.
പുത്തൂർ : വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ് കുമാറിനു അനുമോദനം നൽകി. അനുമോദനസമ്മേളനം നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെറുപ്പും വിദ്വേഷവും വിഷം ചീറ്റുന്ന നവമാധ്യമകാലത്ത് സാഹിത്യം ചർച്ചചെയ്യുകയും അതിനായി കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്യുന്നത് മഹാഭാഗ്യമാണെന്ന് ഇ. സന്തോഷ്‌കുമാർ പറഞ്ഞു. പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയിൽ നൽകിയ സ്വീകരണത്തിനും അനുമോദനത്തിനും മറുപടി പറയുകയായിരുന്നു അദ്ദേഹം. അഭയാർഥികളുടെ നിസ്സഹായത മാത്രമല്ല, ചെയ്തുപോയ കുറ്റം തിരുത്താൻ കഴിയാതെ ഉഴറുന്ന മനസ്സിന്റെ നിസ്സഹായതയുംകൂടിയാണ് ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയലാർ അവാർഡ് ജേതാക്കൾ പുരസ്കാരം സ്വീകരിച്ചശേഷം ആദ്യ അനുമോദനവും സ്വീകരണവും വർഷങ്ങളായി നൽകുന്നത് പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയാണ്.
ഇ. സന്തോഷ്‌കുമാറിന്റെ ഭാഷാലാളിത്യം വിദ്യാർഥികൾ പാഠമാക്കണമെന്നും വായനയുടെ നവ്യമായ അനുഭവങ്ങളാണ് ഈ കൃതി മലയാളത്തിന് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ഡി. സത്യബാബു അധ്യക്ഷനായി. കവിയും പ്രഭാഷകനുമായ പി. ശിവപ്രസാദ് അവാർഡിന് അർഹമായ നോവൽ അപഗ്രഥനം നടത്തി.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അസിസ്റ്റന്റ് പ്രൊഫ. ഡോ. എൻ. നൗഫൽ വയലാർ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ്. ഗോപകുമാർ, ബ്ലോക്ക് അംഗം ജെ.കെ. വിനോദിനി, പഞ്ചായത്ത് അംഗം ആർ. ഗീത, ലൈബ്രറി സെക്രട്ടറി ജെ. കൊച്ചനുജൻ, വി.എസ്. ആദർശ് എന്നിവർ പ്രസംഗിച്ചു.
മദ്രാസ് ഐഐടിയിൽനിന്ന് പിഎച്ച്‌ഡി നേടിയ മധു നാരായണൻ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൃഷ്ണദാസ്, ഗേറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ എം.എസ്. വൈഷ്ണവി തുടങ്ങിയവരെ അനുമോദിച്ചു. ഉപന്യാസരചനയിൽ വിജയികളായ താഴം ശ്രീഹരി വിദ്യാനികേതനിലെ കുട്ടികളെയും അനുമോദിച്ചു.
