വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം യജ്ഞം ജൂൺ 22ന്
എടത്വ: വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം ആകുന്നു. ജനകീയ സംഗമം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി.ബി.നായർ ഉദ്ഘാടനം ചെയ്തു. നിരണം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് അംഗം ജോളി ജോർജ്ജ് അധ്യക്ഷത വഹിച്ചു.തലവടി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഡോ. ജോൺസൺ വി.ഇടിക്കുള, കോർഡിനേറ്റർ അജോയി കെ വർഗ്ഗീസ്, പാസ്റ്റർ ഏബ്രഹാം സാമുവൽ, ഐപ്പ് കുരുവിള, പി.ഡി. സുരേഷ്, മനോജ് മണക്കളം എന്നിവർ പ്രസംഗിച്ചു .
ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ തമ്മിൽ വേർതിരിക്കുന്ന തലവടി പഞ്ചായത്ത് 12-ാം വാർഡിനെയും നിരണം പഞ്ചായത്ത് 13-ാം വാർ ഡിനെയും ബന്ധിപ്പിച്ച് വട്ടടി കടവിൽ പാലം നിർമ്മിക്കാൻ എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് യോഗം അവശ്യപെട്ടു. കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരണ പ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പിൻ്റെ നിയന്ത്രണത്തിലാണ് കടത്ത് ഇട്ടിരിക്കുന്നത്. ഒരു വർഷം മുൻപ് വള്ളത്തിലെ ജീവനക്കാരൻ വിരമിച്ചതോടെ ആഴ്ചകളോളം കടത്തു വള്ളത്തിൻ്റെ പ്രവർത്തനം നിലച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പുതിയ ജീവനക്കാരന് തൊഴിൽ കൈമാറിയെങ്കിലും ഇരു ജില്ലയേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം മാത്രം നടന്നിരുന്നില്ല. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനേയും ആലപ്പുഴയിലെ തലവടി, വീയപുരം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം.
പാലം യാഥാർഥ്യമായാൽ ഇരു ജില്ലകളിലെയും യാത്രക്കാർക്ക് ഏറെ ഗുണകരമാകും.തലവടി പ്രദേശത്തെ യാത്രക്കാർക്ക് വീയപുരം, ഹരിപ്പാട് പ്രദേശമായും, നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും.നിരണം,വീയപുരം പ്രദേശത്തുള്ളവർക്ക് കുട്ടനാട്ടിലേക്കുള്ള എളുപ്പ വഴിയാണ് ഇത്. നിലവിൽ കടത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയിൽ ജലനിരപ്പ് ഉയർന്ന് കടത്തു വള്ളത്തിൻ്റെ പ്രവർത്തനം തടസ്സമായി തീരും. പമ്പാനദിയുടെ പ്രധാന ജലപാതയായതിനാൽ ചെറു വെള്ളപ്പൊക്കത്തിൽ പോലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. നിരവധി വിദ്യാർഥികൾ ആശ്രയിക്കുന്ന വട്ടടി കടവിൻ്റെ മറുകര എത്താൻ വിദ്യാർഥികൾ കഠിന ദുരിതമാണ് നേരിടുന്നത്.
വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ ഒപ്പ് ശേഖരണം യജ്ഞം ജൂൺ 22 ശനിയാഴ്‌ച 3.30ന് വട്ടടി കടവിൽ നടക്കുമെന്ന് ജനറൽ കൺവീനർ ഡോ. ജോൺസൺ വി.ഇടിക്കുള, കോർഡിനേറ്റർ അജോയി കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു