എന്‍ വാസു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍. വാസുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം എന്‍ വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്ന വിവരം എസ്‌ഐടിക്ക് ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു വാസുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇതില്‍ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് എസ്‌ഐടി കണ്ടെത്തിയിരുന്നു. നേരത്തേ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എസ്‌ഐടി ഇതേപ്പറ്റി വാസുവിനോട് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു ചെയ്തത്.
