മാവേലിക്കരയിൽ നിന്നും 13.60 ലക്ഷം ഓൺലൈൻ വഴി തട്ടിയ സംഘത്തിൽ ഒരാൾകൂടി അറസ്റ്റിൽ
ആലപ്പുഴ : ഓൺലൈൻ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ ആലപ്പുഴ മാവേലിക്കര സ്വദേശിനിയിൽ നിന്നും പണം തട്ടിയ സംഘത്തിലെ അഞ്ചാമത്തെയാളും അറസ്റ്റിലായി. ബംഗളൂരു മുനിയപ്പ കോമ്പൗണ്ട് ജെ പി നഗർ സ്വദേശിനിയായ വർഷിനി(23 വയസ്സ് ) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽ നിന്നും 9.41 ലക്ഷം രൂപ അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി. സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി വാട്സാപ്പ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 ഏപ്രിൽ മാസം മുതൽ RENT HOUSE എന്ന US കമ്പനിയുടെ പ്രതിനിധിയാണെന്ന പേരിൽ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരാതിക്കാരിയെ കമ്പനിയിൽ അംഗമായി ഷെയർട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ടെലിഗ്രാം ഗ്രൂപ്പിന്റെയും വ്യാജ വെബ്സൈറ്റിന്റെയും ലിങ്ക് അയച്ചുഷകാടുക്കുകയും പരാതിക്കാരിയെക്കോണ്ട് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ചെയ്ത ശേഷം ട്രേഡിങ്ങ് നിക്ഷേപം എന്ന പേരിൽ തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു. അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടർന്നത്. ഇത്തരത്തിൽ 13.60 ലക്ഷം രൂപയാണ് പരാതിക്കാരിയിൽ നിന്നും പ്രതികൾ അയച്ചുവാങ്ങിയത്.
തുടർന്ന് ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ തുക ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പു ബോധ്യമായത്. തുടർന്ന് പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുകയും തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ 2025 മെയ് 14 ന് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു. പരാതിക്കാരിയിൽ നിന്നും അയച്ചുവാങ്ങിയ 13.60 ലക്ഷം രൂപയിൽ 9.41 ലക്ഷം രൂപ പ്രതി തന്റെ പേരിലുള്ള ഫെഡറൽ ബാങ്ക് ബാംഗ്ലൂർ ഹോസ റോഡ് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയും തുടർന്ന് ഈ പണം മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ആയതിന് കമ്മീഷൻ മേടിച്ചിട്ടുള്ളതും ആയിരുന്നു. ഈ കേസിലെ മറ്റു നാല് പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി സന്തോഷ് എം എസ് ന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി എസ് ശരത്ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് എം എം, സിവിൽ പോലീസ് ഓഫീസർമാരായ ജേക്കബ് സേവ്യർ, റോബിൻ പി ജെ, ആരതി കെ യു, വിദ്യ ഓ കെ എന്നിവരടങ്ങുന്ന അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂർ നിവാസിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് I മുൻപാകെ ഹാജരാക്കി. ഈ കേസിലേക്ക് കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.
