വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
തിരുവനന്തപുരം : മലയോരത്തിന്റെ കരുത്തും ആക്ഷൻ ത്രില്ലറിന്റെ തീവ്രതയും ഒത്തുചേർന്ന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വരവ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. സുരേഷ് ഗോപിയടക്കമുള്ള നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റർ ഷെയർ ചെയ്ത് ജോജുവിന് പിറന്നാളാശംസകളും നേർന്നു.ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ അതിതീക്ഷ്ണമായി നോക്കുന്ന ജോജുവിന്റെ കാഴ്ചയിലൂടെ ചിത്രത്തിന്റെ ഭാവം പ്രകടമാകുന്നുണ്ട്.
ഗെയിം ഓഫ് സർവ്വൈവൽ എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഒരു ആക്ഷൻ സർവൈവൽ ത്രില്ലറിന്റെ എല്ലാ ചൂടും സൂചന നൽകുന്നു.മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയിൽ ജോജു അവതരിപ്പിക്കുന്നത് ‘പോളി’ എന്ന പേരിൽ അറിയപ്പെടുന്ന പോളച്ചൻ എന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.ഷാജി കൈലാസിന്റെ ആക്ഷൻ സംവിധാന മികവും ജോജുവിന്റെ കരുത്താർന്ന പ്രകടനവും ചേർന്ന് ‘വരവ്’ പ്രേക്ഷകർക്കൊരു ശക്തമായ സിനിമാനുഭവം സമ്മാനിക്കുമെന്നാണ് സൂചന.
