വഴി തടഞ്ഞ വഞ്ചിയൂർ സമ്മേളനം: പോലീസിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി.

0

വഴി തടഞ്ഞ വഞ്ചിയൂർ സമ്മേളനം: പോലീസിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി.

എറണാകുളം: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴി തടഞ്ഞ് നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിൽ പൊലീസിൻ്റെ നിഷ്ക്രിയതയെ ചോദ്യങ്ങളാൽ ആക്രമിച്ച്‌ ഹൈക്കോടതി. റോഡിൽ കെട്ടിയ സ്റ്റേജ് അഴിച്ച് മാറ്റിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കുറ്റം ചെയ്‌തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച കോടതി വിഷയത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചു. സംസ്ഥാന പൊലീസ് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സിപിഐ സമരത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ആലോചിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
‘സ്‌റ്റേജ് അഴിച്ചുമാറ്റിയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്? വിഷയം സംസ്ഥാന പൊലീസ് മേധാവി അറിഞ്ഞോ? സമ്മേളനത്തിൽ പങ്കെടുത്തവരും പ്രസംഗിച്ചവരും ആരൊക്കെ? സ്‌റ്റേജില്‍ ആരൊക്കെയാണ് ഇരുന്നത്, അവരെ പ്രതികളാക്കിയോ?ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്? അവിടെയുണ്ടായിരുന്ന നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? പ്രവര്‍ത്തകര്‍ എത്താനായി സ്‌കൂള്‍ ബസ് ഉപയോഗിച്ചോ? തുടങ്ങി പോലീസിനെതിരെ ചോദ്യങ്ങളെകൊണ്ടുള്ള ആക്രമണമാണ് ഇന്ന് കോടതി നടത്തിയത്.
വഞ്ചിയൂരിലേതിന് സമാനമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ജോയിൻ്റ് കൗൺസിൽ സമരത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയത്തിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി പോലീസ് മേധാവിയോടാവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *