വന്ദേ ഭാരത് സ്ലീപ്പര്‍ ഓഗസ്റ്റ് 15ന് ട്രയല്‍ റൺ

0
VANDHE BHARATH SL

ന്യൂഡല്‍ഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ട്രയല്‍ റണ്ണിനായി ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. വന്ദേ ഭാരത് ചെയ‍ർ കാർ വേരിയൻ്റ് വിജയകരമായതോടെയാണ് ഇന്ത്യൻ റെയില്‍വേ വന്ദേ ഭാരത് സ്ലീപ്പ‍ർ പുറത്തിറക്കുന്നത്.  ദീ‍ർഘദൂര യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നല്‍കാനുള്ള ഉദ്ദേശ്യത്തോടെയാണ് റെയില്‍വേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്.

ഇൻ്റഗ്രല്‍ കോച്ച്‌ ഫാക്ടറി (ഐസിഎഫ്) യും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേ‍ർന്നാണ് ട്രെയിൻ നിർമിക്കുന്നത്. 16 കോച്ചുകളോടു കൂടിയ വന്ദേ ഭാരത് സ്ലീപ്പ‍റിന് 823 യാത്രക്കാരെ വഹിക്കാനാകും. 11 എസി 3 ടെയ‍ർ കോച്ചുകളും നാല് എസി 2 ടെയ‍ർ കോച്ചുകളും ഫസ്റ്റ് എസി കോച്ചുമാണ് ട്രെയിനില്‍ ഉള്ളത്. എസി 3 ടെയറില്‍ 611 യാത്രക്കാരെയും എസി 2 ടെയറില്‍ 188 യാത്രക്കാരെയും ഫസ്റ്റ് എസി കോച്ചില്‍ 24 യാത്രക്കാരെയും വഹിക്കാനാകും.

ട്രെയിനിന്റെ ബെ‍ർത്തിലെ കുഷ്യൻ രാജധാനി എക്സപ്രസിനേക്കാള്‍ മികച്ചതാണ്. മികച്ച യാത്രാ സുഖം ലഭ്യമാകാനായി ബെർത്തിന്റെ ഓരോ വശത്തെയും കുഷ്യൻ വളരെ മികവുറ്റതായാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിനിന്റെ ഉള്‍ഭാഗത്ത് ക്രീം, മഞ്ഞ തുടങ്ങിയ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ കോവണി ആയതിനാല്‍ അപ്പ‍ർ, മിഡില്‍ ബെർത്തുകളിലേക്ക് കയറാൻ അധികം ബുദ്ധിമുട്ടേണ്ടതില്ല. ട്രെയിനിന്റെ പൊതുയിടങ്ങളില്‍ സെൻസർ കേന്ദ്രീകരിച്ചുള്ള ലൈറ്റ് സംവിധാനമാണ്. കൂടാതെ, വാതിലുകളും സെൻസ‍ർ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവയുമാണ്.

ഭിന്നശേഷിക്കാർക്കായി പ്രത്യേകം ബെർത്തുകളും ശുചിമുറികളും ട്രെയിനിലുണ്ട്. സുഗമവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കാൻ സെമി – പെർമനൻ്റ് കപ്ലറുകളാണ് വന്ദേ ഭാരത് സ്ലീപ്പറുകളിലും ഉപയോഗിച്ചിരിക്കുന്നത്. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്.

സെക്കന്തരാബാദ് – പൂനെ റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. നിലവില്‍ ഈ റൂട്ടിലോടുന്ന ശതാബ്ദി എക്സ്പ്രസിന് പകരമാകും വന്ദേ ഭാരത് സ്ലീപ്പർ എന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകളില്‍ വ്യക്തമാക്കുന്നത്. എട്ട് മണിക്കൂറും 25 മിനിറ്റും എടുത്താണ് ശതാബ്‌ദി എക്സ്പ്രസ് സെക്കന്തരാബാദില്‍നിന്ന് പൂനെയില്‍ എത്തിച്ചേരുന്നത്. വന്ദേ ഭാരത് സ്ലീപ്പർ റൂട്ട് ഏറ്റെടുക്കുന്നതോടെ യാത്രാ സമയം ഒരു മണിക്കൂറെങ്കിലും കുറയുമെന്നാണ് കരുതുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *