വന്ദേ ഭാരത് എക്സ്പ്രസിൽ കൊടുത്ത പരിപ്പ് കറിയിൽ ചത്ത പാറ്റ; പ്രതികരിച്ച് റെയിൽവേ
മുംബൈ: വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിൽ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാൾ എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. അതേസമയം, ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്സില്‍ പങ്കുവെച്ചത്. ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) ജെസ്വാനി നൽകിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.
ട്രെയിനിൽ യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ജെസ്വാനിയുടെ മകൻ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നത് വീഡിയോയിൽ കാണാം. സംഭവത്തില്‍ ഐഎസ്ആർടിസി പ്രതികരിച്ചിട്ടുണ്ട്. ”സർ, താങ്കൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്‍റെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്” – ഐആര്‍സിടിസി അറിയിച്ചു.