വെള്ളനാട് ശശി മുള്ളന്‍ പന്നിയെ അടിച്ചു കൊന്നു

0
VENNANAD SASI

തിരുവനന്തപുരം: വീടിനുള്ളില്‍ കയറിയ മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന് നിയമ കുരുക്കിലായി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട്  ശശി. മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശശിക്കെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. നാട്ടില്‍ കണ്ട മുള്ളന്‍പന്നിയെയാണ് വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പഞ്ചായത്തിലെ വാളിയറ ഭാഗത്തെ വീട്ടുപരിസരത്താണ് രാവിലെ മുള്ളന്‍പന്നിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. വനംവകുപ്പിന്റെ നമ്പര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശിയോട് വിവരംപറഞ്ഞു. തുടര്‍ന്നാണ് വെള്ളനാട് ശശി സ്ഥലത്തെത്തി മുള്ളന്‍പന്നിയെ അടിച്ചുകൊന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

വനംവകുപ്പൊന്നും വേണ്ട താന്‍ തന്നെ ഇത് കൈകാര്യംചെയ്തോളാമെന്ന് പറഞ്ഞായിരുന്നു വെള്ളനാട് ശശി മുള്ളന്‍പന്നിയെ കൊന്നത്.സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി നേരത്തെയും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. അടുത്തിടെ ശശിയും വനിതാ പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടത് വിവാദമായിരുന്നു. പഞ്ചായത്തിലെ വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കാരണം. ഇതേവിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ വെള്ളനാട് ശശി റോഡില്‍ തടയുകയുംചെയ്തിരുന്നു. 2024-ല്‍ സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചകേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. 2024 വരെ കോണ്‍ഗ്രസിലായിരുന്ന വെള്ളനാട് ശശി പിന്നീട് സിപിഎമ്മില്‍ ചേര്‍ന്ന് മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. ആറാം തവണയാണ് വെള്ളനാട് ശശി പഞ്ചായത്ത് പ്രസിഡന്റാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *