മൂന്നു വാർഡുകൾ മാത്രമാണ് തകർന്നത്: ഒരു നാട് ഒലിച്ചുപോയെന്ന പരാമര്‍ശം തെറ്റ് -വി മുരളീധരന്‍
തിരുവനന്തപുരം: ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണെന്നും രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും വി മുരളീധരന്‍ .വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് വാർത്താസമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ വിവാദ പരാമർശം നടത്തിയത്. ഉരുൾപൊട്ടലിൽ നാട് മൊത്തം ഒലിച്ചുപോയി എന്നു പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. “വയനാടിന് അധികധനസഹായം നൽകില്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. ഇത് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹർത്താൽ നാടകമാണ് ” മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പരാമര്‍ശത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ദുരന്തബാധിതര്‍ മനുഷ്യരാണെന്നും ബിജെപിയുടെ തനിനിറം ഒരിക്കല്‍ കൂടി വി മുരളീധരനിലൂടെ പുറത്തുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തില്‍ മരിച്ചവരെ അപമാനിക്കുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.അടിയന്തര സഹായം നല്‍കാന്‍ എന്ത് റിപ്പോര്‍ട്ട് ആണ് ആവശ്യം. വി മുരളീധരനും കേന്ദ്രസര്‍ക്കാരും മറുപടി പറയണം. സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ല. മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസാരവല്‍ക്കരിക്കുന്നതാണെന്നും ടി സിദ്ദിഖ് പറഞ്ഞു .
വി മുരളീധരന്റെ വിശകലനം യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. എത്ര വാര്‍ഡിനെ ബാധിച്ചു എന്നതല്ല പ്രശ്‌നം. അതിന്റെ ഗൗരവമാണ്. 400 ഓളം പേര്‍ മരണപ്പെട്ടു, ആയിരത്തിലധികം പേര്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ടു. അവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള സംരക്ഷണ നടപടിയാണ് സ്വീകരിക്കേണ്ടത് – അദ്ദേഹം വ്യക്തമാക്കി.
വി മുരളീധരന്‍ മലയാളികളെ പരിഹസിക്കുകയാണെന്നും പ്രതിഷേധാര്‍ഹമാണ് മുരളീധരന്റെ പ്രസ്താവനയെന്നും സികെ ശശീന്ദ്രന്‍ പ്രതികരിച്ചു. കേരളത്തോട് രാഷ്ട്രീയ വിവേചനം ആണ് കാണിക്കുന്നത്. എന്തിനാണ് പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാന്‍ തയ്യാറായത് എന്ന മറുപടി മുരളീധരന്‍ പറയണം. ബിജെപിക്കാര്‍ അടക്കമുള്ള മലയാളികള്‍ താമസിക്കുന്ന നാടാണ് കേരളം
മുരളീധരന്‍ മലയാളികളോട് മാപ്പുപറയണം – അദ്ദേഹം വ്യക്തമാക്കി.