മേഘവിസ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ഉത്തരകാശി; വൻ നാശനഷ്‌ടം

ധരാലിയിലെ മാര്‍ക്കറ്റ് പ്രദേശത്താണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ഏകദേശം 25-ഓളം ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകമായ നാശനഷ്‌ടം. ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 130ലധികം പേരെ രക്ഷിച്ചാതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലും സുഖി ടോപ്പിലുമാണ് ഇന്നലെ (ഓഗസ്‌റ്റ് 5) മിന്നൽ മേഘവിസ്‌ഫോടനമുണ്ടായത്.അപ്രതീക്ഷിതമായി ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായി. നിമിഷങ്ങള്‍ക്കകം നിരവധി വീടുകളും കെട്ടിടങ്ങളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സൈനിക സംഘങ്ങളെയും ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങളും മറ്റും പുരോഗമിക്കുകയാണ്. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് സർക്കാർ പറഞ്ഞു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ ദുരന്തത്തിൽ ദുഃഖമുണെന്നും ഇരകളുടെ ക്ഷേമത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു. കേന്ദ്രം പൂർണ പിന്തുണ ഉറപ്പ് നൽകുന്നു എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
രക്ഷാപ്രവർത്തകർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി എംപി അജയ് ഭട്ട് പറഞ്ഞു. രാത്രിയിലും ആളുകളെ രക്ഷിക്കാൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർസാവയിൽ രണ്ട് ഹെലികോപ്റ്ററുകളും മറ്റും സജ്ജമാണ്. മെഡിക്കൽ, ഭക്ഷണ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐടിബിപിയുടെ മൂന്ന് ടീമുകളെയും എന്‍ഡിആര്‍എഫിന്‍റെ നാല് ടീമുകളെയും സംഭവസ്ഥലത്തേക്ക് അയച്ചതായി അമിത് ഷാ എക്‌സിൽ കുറിച്ചു.
‘ദുരന്തം നേരിടുന്ന ജനങ്ങൾക്ക് ഒപ്പം സർക്കാരുണ്ട്. അവർക്കാവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ നൽകും’ എന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന. അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി ലൈനുകൾ, ഇൻ്റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവ തകരാറിലായിരിക്കുകയാണ്. ഇന്ന് രാത്രിയോടെ ഇതും പരിഹരിക്കും എന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.
എന്താണ് മേഘവിസ്‌ഫോടനം?
മേഘങ്ങളില്‍ വലിയ തോതില്‍ സാന്ദ്രീകരണം സംഭവിക്കുകയും താപനിലയിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റത്തിന്‍റെ ഫലമായി അവ പെട്ടെന്ന് ഒരു ചെറിയ സ്ഥലത്ത് പെയ്‌ത് ഒഴികയും ചെയ്യുന്ന പ്രതിഭാസമാണിതെന്ന് ഹരിദ്വാറിലെ ഗുരുകുല കാന്‍ഗ്രി സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്‌ത്ര വകുപ്പ് മുന്‍ പ്രൊഫസറും തലവനും ഡീനുമായ പ്രൊഫ ബി ഡി ജോഷി വിശദീകരിക്കുന്നു. സാധാരണ ഇത്തരം സംഭവങ്ങളില്‍ മൂന്ന് നാല് കിലോമീറ്ററിനുള്ളിലാകും ഇത്തരത്തില്‍ കനത്ത മഴയുണ്ടാകുകയെന്നും നിലവില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് ഇന്ത്യന്‍ എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് അധ്യക്ഷനായ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇത്തരം അസാധാരണ സാഹചര്യമുണ്ടാകുന്നത് കാലാവസ്ഥ സംവിധാനത്തില്‍ താപനിലയില്‍ മാറ്റമുണ്ടാകുമ്പോഴാണ്. മേഘവിസ്‌ഫോടനത്തിന് തൊട്ടുമുമ്പ് കൊടുംചൂട് അനുഭവപ്പെടാം. ചൂടുപിടിച്ച വായു കുന്നിന്‍മുകളിലേക്ക് സഞ്ചരിക്കുന്നു. ഈ ശൂന്യത നികത്താനായി താഴെയുള്ള തണുത്ത വായു ശ്രമിക്കുന്നു. പത്ത് ഇരുപത് കിലോമീറ്ററിനുള്ളിലുള്ള കനത്ത സാന്ദ്രതയുള്ള മേഘങ്ങള്‍ മലനിരകളില്‍ തട്ടി പെയ്‌തൊഴിയുന്നുവെന്നും പ്രൊഫസര്‍ ജോഷി വിശദീകരിക്കുന്നു.
വായു മുകളിലേക്ക് ഉയരുമ്പോള്‍ ആണ് ഇത്തരത്തില്‍ വിസ്‌ഫോടനമുണ്ടാകുന്നതെന്ന് കശ്‌മീര്‍ സര്‍വകലാശാലയിലെ ഭൗമശാസ്‌ത്ര വകുപ്പ് തലവന്‍ പ്രൊഫ.ജി എച്ച് ഗീലാനി ചൂണ്ടിക്കാട്ടുന്നു. ജലാംശമുള്ള വായു മുകിലേക്ക് പോകുന്നതിലൂടെയാണ് ഇത് സംഭവിക്കുക. ഇത് മലനിരകളില്‍ തട്ടി ഘനീഭവിക്കുകയും പെയ്യുകയും ചെയ്യുന്നു. ഹിമാലയന്‍ മേഖല സമതമായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല.