ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നിലവിൽ വന്നു

0

യുസിസി നിലവില്‍ വരുന്ന ആദ്യ സംസ്ഥാനം

ന്യുഡൽഹി :രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.
സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിലവിൽ വന്നതായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ യുസിസി പോര്‍ട്ടല്‍ അനാച്ഛാദനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി അൽപ്പസമയം മുന്നേ അറിയിച്ചു.. ഉത്തരാഖണ്ഡിലെ മുഴുവന്‍ ആളുകള്‍ക്കും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ഏക സിവില്‍ കോഡ് ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മതം, ലിംഗഭേദം, ജാതി, സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളില്ലാത്ത സമത്വമുള്ള ഒരു സമൂഹത്തിന്റെ അടിത്തറ യുസിസിയിലൂടെ സ്ഥാപിക്കുമെന്ന് ധാമി പ്രഖ്യാപിച്ചു. ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത സദാ നിറവേറ്റുന്ന ശക്തമായ സര്‍ക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പരാമര്‍ശിക്കുന്ന അനുശ്ചേദം 370 പിന്‍വലിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്ത് ആദ്യമായി ഏക വില്‍ കോഡ് ഉത്തരാഖണ്ഡില്‍ നടപ്പാക്കാന്‍ സാധിക്കുന്നതും ഇവിടെ ഒരു കരുത്തുള്ള സര്‍ക്കാരുള്ളതുകൊണ്ടാണെന്ന് പുഷ്‌കര്‍ സിങ് ധാമി കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിലെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തവകാശം തുല്യമായിരിക്കുമെന്നതാണ് ഏകീകൃത സിവില്‍ കോഡിലെ പ്രധാന നിര്‍ദേശം. ഇതില്‍ സമുദായമോ മതമോ പരിഗണിക്കുന്നതല്ല. ബഹുഭാര്യാത്വം കര്‍ശനമായി നിയമം വിലക്കുന്നുണ്ട്. കൂടാതെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുരുഷന് 21 വയസും സ്ത്രീയ്ക്ക് 18 വയസും എന്നത് എല്ലാ മതവിഭാഗത്തില്‍ പെട്ടവരും കൃത്യമായി പിന്‍തുടരേണ്ടതാണ്. ദത്തെടുത്ത കുട്ടികള്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കും സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കുമെല്ലാം മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശമായിരിക്കും, എല്ലാ കുട്ടികളും ജൈവ സന്തതികളായി അംഗീകരിക്കപ്പെടും, വിവാഹത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും തുടങ്ങിയവയാണ് ഉത്തരാഖണ്ഡില്‍ നടപ്പിലാക്കുന്ന ഏക സിവില്‍ കോഡിലെ പ്രധാന നിബന്ധനകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *