ഉസ്താദ് സാക്കിര്‍ ഹുസൈന്‍ വിട പറഞ്ഞു …
ആ മാന്ത്രിക വിരലുകൾ ഇനി തബലയിൽ നൃത്തം ചെയ്യില്ല ! ശബ്‌ദിക്കില്ല !
മുംബൈ :തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അന്ത്യം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആയിരുന്നു. നാലുതവണ ഗ്രാമി അവാര്‍ഡ് നേടിയ സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. തബലയിലെ മാന്ത്രിക വിരലുകള്‍ കൊണ്ട് ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ സംഗീത പാരമ്പര്യത്തെ അദ്ദേഹം ഉയര്‍ത്തി. സംഗീത സംവിധായകന്‍, താളവാദ്യ വിദഗ്ധന്‍, സംഗീത നിര്‍മ്മാതാവ്, ചലച്ചിത്ര നടന്‍ തുടങ്ങി അനേകം മേഖലകളില്‍ അദ്ദേഹം ജ്വലിച്ചു നിന്നു.
സാക്കിര്‍ ഹുസൈന്‍ അല്ലാരക ഖുറേഷി 1951 മാര്‍ച്ച് 9 ന് ബോംബെയില്‍ ജനിച്ചു. മാഹിമിലെ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ പഠിച്ച അദ്ദേഹം മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് ബിരുദം നേടി.
പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ് സാക്കിർ ഹുസൈൻ .പിതാവ് തന്നെയാണ് സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിർ തന്റെ 12-മത്തെ വയസ്സിൽ തന്നെ സംഗീതപര്യടനം ആരംഭിച്ചു. 1987-ൽ സാക്കിർ പുറത്തുവിട്ട ‘സോളോ ആൽബം’ വ്യാപകമായ ഖ്യാതി നേടി സംഗീതോപകരണങ്ങളിൽ അദ്ദേഹം നവീനമായ രീതികൾ സൃഷ്ടിച്ചു.
1988-ൽ പത്മശ്രീ ലഭിച്ചസാക്കിർ ഹുസൈൻ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ പൂർവികന്മാരായ ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങൾക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേർന്ന് സംഗീത സംയോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
1988ല്‍ പത്മശ്രീ , 2002-ല്‍ പത്മഭൂഷണ്‍ , 2023-ല്‍ പത്മവിഭൂഷണ്‍ എന്നിവ നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു . 2009 ഫെബ്രുവരി 8 ന് 51-ാമത് ഗ്രാമി അവാര്‍ഡുകള്‍ക്കായി , മിക്കി ഹാര്‍ട്ട്, ജിയോവാനി ഹിഡാല്‍ഗോ എന്നിവരുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ഡ്രം പ്രോജക്റ്റിന് സമകാലിക ലോക സംഗീത ആല്‍ബം വിഭാഗത്തില്‍ ഹുസൈന്‍ ഗ്രാമി നേടി . 1990-ല്‍ ഗവണ്‍മെന്റിന്റെ സംഗീത നാടക അക്കാദമി അവാര്‍ഡ് , സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2018-ല്‍ രത്ന സദ്സ്യ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു . 1999-ല്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് ലഭിച്ചു. ഹുസൈന് ഏഴ് ഗ്രാമി അവാര്‍ഡ് നോമിനേഷനുകളും നാല് വിജയങ്ങളും ലഭിച്ചു. 2024 ഫെബ്രുവരിയില്‍ അദ്ദേഹത്തിന് മൂന്ന് ഗ്രാമി ലഭിച്ചു.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് അമേരിക്കയിലെ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ ഐ സി യുവില്‍ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്.ആദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നുവെന്ന് സുഹൃത്തും പുല്ലാങ്കുഴല്‍ വാദകനുമായ രാകേഷ് ചൗരസ്യനേരത്തെ അറിയിച്ചിരുന്നു.
തബല വാദനത്തെ പുതിയപരീക്ഷണങ്ങളിലൂടെ ജനകീയമാക്കിയ ഇതിഹാസ പ്രതിഭയയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.ഈ വേർപാടിൽ കലാലോകത്തിനോടൊപ്പം ‘സഹ്യ ന്യൂസും’കണ്ണീർ പ്രണാമം അർപ്പിക്കുന്നു !