ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ നിയോഗിച്ചത് അഫ്ഗാൻ പൗരനെ
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ റവല്യൂഷണറി ഗാർഡ് പദ്ധതിയിട്ടെന്ന് അമേരിക്കൻ ഭരണകൂടം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ് അഫ്ഗാൻ പൗരനായ ഫർഹാദ് ഷാക്കേരിയെ ഇതിനായി നിയോഗിച്ചത്. ഏഴു ദിവസത്തിനുള്ളിൽ ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയാറാക്കാനായിരുന്നു ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെ നിർദ്ദേശമെന്നാണ് അമേരിക്കൻ സർക്കർ മാൻഹാട്ടൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, ഏഴു ദിവസത്തിനുള്ളിൽ ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയാറാക്കാനാകില്ലെന്ന് ഷാക്കേരി സൈനിക ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. എങ്കിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപിനെ വധിക്കാമെന്ന നിർദ്ദേശമാണ് റവല്യൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നായിരുന്നു ഇറാൻ കണക്കുകൂട്ടിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 51 കാരനായ ഫർഹാദ് ഷാക്കേരിക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയിട്ടുണ്ട്. ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണ് ഇയാളെന്നാണു സൂചനയെന്നും യുഎസ് സർക്കാർ അറിയിച്ചു.