വ്യാപാര കരാര്‍: ട്രംപും സംഘവും ഇന്ത്യയോട് ദേഷ്യത്തിലെന്ന് യുഎസ് ട്രഷറി സെക്രട്ടറി

ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന അദ്ദേഹത്തിന്‍റെ മുഴുവന്‍ സംഘവും ഇന്ത്യയോട് ‘ദേഷ്യത്തിലാണെന്ന്’ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻ്റ്. സിഎൻബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ധേഹം ഇതുപറഞ്ഞത് .ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും റഷ്യൻ അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയാൽ പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌കോട്ട് ബെസെൻ്റിന്‍റെ വാക്കുകള്‍.
“എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. അത് ഇന്ത്യയുടെ തീരുമാനമായിരിക്കും. നേരത്തെ തന്നെ അവര്‍ ചര്‍ച്ചയ്‌ക്ക് എത്തിയിരുന്നു. എന്നാല്‍ കാര്യങ്ങൾ പതുക്കെയാണ് അവർ മുന്നോട്ടുകൊണ്ടുപോയത്. അതിനാൽ പ്രസിഡൻ്റും മുഴുവൻ വ്യാപാര സംഘവും അവരോട് ‘ദേഷ്യത്തിലാണ്’ എന്നാണ് ഞാൻ കരുതുന്നത്”-
ഉപരോധം നേരിടുന്ന റഷ്യന്‍ എണ്ണ വലിയ അളവില്‍ എന്നും ഇന്ത്യ വാങ്ങുന്നുണ്ട്. പിന്നീട് അവർ അത് ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളായി വീണ്ടും വിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോളതലത്തിൽ അവർ അത്ര മികച്ചവരല്ലെന്നും ബെസെൻ്റ് അഭിപ്രായപ്പെട്ടു.അതേസമയം ഇന്ത്യയ്‌ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫ് ഇന്ന് മുതല്‍ക്കാണ് പ്രാബല്യത്തില്‍ വരുന്നത്. ഏപ്രിൽ 2 ന് നടന്ന ‘ലിബറേഷൻ ഡേ’ സമ്മേളനത്തിൽ 26 ശതമാനമായിരുന്നു ട്രംപ് പ്രഖ്യാപിച്ച താരിഫ് നിരക്ക്. സുഹൃത്താണെങ്കിലും ഇന്ത്യയുടെ ഉയർന്ന കയറ്റുമതി താരിഫ് കാരണം വർഷങ്ങളായി ചെറുകിട വ്യാപാര ബന്ധങ്ങൾ മാത്രമേ ഇന്ത്യയുമായുള്ളു എന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്‌റ്റിൽ പറഞ്ഞിരുന്നു.യുക്രെയ്‌നിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയിരുന്നതെന്നും ട്രംപ് തന്‍റെ പോസ്‌റ്റിൽ വ്യക്തമാക്കിയിരുന്നു.
ദേശീയ താത്പര്യം സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇതിൻ്റെ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു. ജപ്പാൻ, യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പ്രധാന പങ്കാളികളുമായി അനുകൂലമായ വ്യാപാര കരാറുകൾ നേടിയ അമേരിക്ക അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ന്യൂഡൽഹിയെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മർദ്ദ തന്ത്രമായാണ് ട്രംപിൻ്റെ പ്രഖ്യാപനത്തെ ഇന്ത്യ കാണുന്നത്.
ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്
മുംബൈ : ഇന്ത്യൻ ഉത്‌പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ് . വെള്ളിയാഴ്‌ച ഇന്ത്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഫാർമസ്യൂട്ടിക്കൽ ഓഹരികളാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. നിഫ്റ്റി ഫാർമ 2.75 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി 50 ഇന്നലത്തെ ക്ലോസിങ്ങിൽ നിന്ന് 51 പോയിന്‍റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 24,716 ൽ എത്തി. രാവിലെ 9.25 നുള്ള കണക്കാണിത്. അതേസമയം ബിഎസ്ഇ സെൻസെക്‌സ് 179 പോയിന്‍റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 81,005 ലാണ് വ്യാപാരം ആരംഭിച്ചത്. വിശാലമായ വിപണി സൂചികകളിൽ, ബിഎസ്ഇ മിഡ്ക്യാപ്പും ബിഎസ്ഇ സ്മോൾക്യാപ്പും 0.05 ശതമാനം ഉയർന്നു.
മേഖലാ സൂചികകളിൽ, നിഫ്റ്റി എഫ്എംസിജി സൂചിക 1.46 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി ഐടി 0.80 ശതമാനവും നിഫ്റ്റി മെറ്റൽ സൂചിക 0.99 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഓഹരികളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്‌യുഎൽ) 4.45 ശതമാനം വർധനവോടെ നേട്ടം കൈവരിച്ചു. തൊട്ടുപിന്നാലെ തന്നെ ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി, ട്രെന്‍റ് എന്നിവയുണ്ട്. അതേസമയം ഡോ. റെഡ്ഡീസ് ലബോറട്ടറീസ് 1.41 ശതമാനം ഇടിഞ്ഞു.