‘യുഎസ് താരിഫിന് ഇന്ത്യൻ വാണിജ്യ മേഖലയെ തകർക്കാനാകില്ല’: മാർക്ക് മൊബിയസ്

ന്യൂയോർക്ക്: അമേരിക്കൻ താരിഫ് ഭീഷണി ഇന്ത്യയെ ബാധിക്കില്ലെന്ന് എമർജിങ് മാർക്കറ്റ് ഫണ്ട് മാനേജരും മൊബിയസ് ക്യാപിറ്റൽ പാർട്ണേഴ്‌സ് എൽഎൽപിയുടെ സ്ഥാപകനുമായ മാർക്ക് മൊബിയസ്. അമേരിക്കയുടെ 50 ശതമാനം താരിഫ് രാജ്യത്ത് കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുകയുള്ളൂ, ഇന്ത്യയ്ക്ക് ഒരു വലിയ ആഭ്യന്തര വിപണിയുണ്ടെന്നും മാർക്ക് മൊബിയസ് വിലയിരുത്തുന്നു.
‘മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഒരു വലിയ ആഭ്യന്തര വിപണിയുണ്ട്. കൂടാതെ ചൈനയെപ്പോലെ കയറ്റുമതിയെ പൂർണമായും ആശ്രയിക്കുന്നില്ല. അതിനാൽ തന്നെ ഇന്ത്യയ്‌ക്ക് നേരെയുള്ള വ്യാപാര ഭീഷണി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്നാണ് മാർക്ക് മൊബിയസ് വിലയിരുത്തുന്നത്. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ താരിഫ് ഭീഷണിയെ വിലയിരുത്തിയത്.
കൂടാതെ ഇന്ത്യൻ സോഫ്റ്റ്‌വെയർ കയറ്റുമതി മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരുന്നുകള്‍, സ്‌മാർട്ട്‌ഫോണുകൾ, സെമികണ്ടക്‌ടറുകൾ തുടങ്ങിയ ചില ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഉയർന്ന തീരുവ ഭീഷണി നേരിടുന്നില്ല. അടുത്ത 21 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന അധിക താരിഫ് നയങ്ങളിൽ ഇത്തരത്തിലുള്ള പ്രധാന വ്യവസായങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മാർക്ക് മൊബിയസ് അഭിപ്രായപ്പെട്ടു.
2025 സാമ്പത്തിക വർഷത്തിൽ 10.5 ബില്യൺ ഡോളർ മൂല്യമുള്ള മരുന്നുകള്‍, ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങള്‍, മറ്റ് ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്‌തു. ഇത് യുഎസിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 29 ശതമാനമാണ്. ഇതേ സാമ്പത്തിക വർഷത്തിൽ തന്നെ 4.09 ബില്യൺ ഡോളർ മൂല്യമുള്ള പെട്രോളിയം കയറ്റുമതിയും ചെയ്‌തിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 86.51 ബില്യൺ ഡോളറായിരുന്നു എന്നും അദ്ദേഹം വിലയിരുത്തി.ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ജിഡിപി വളർച്ചയിലേക്ക് ഇന്ത്യ എത്തിയിട്ടുണ്ട്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യം 6-7 ശതമാനം വളർച്ചയാണ് കാണുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയിലെ പ്രതിരോധശേഷിയെയാണ് സൂചിപ്പിക്കുന്നത്.അതിനാൽ തന്നെ വലിയ ആഘാതമുണ്ടാക്കാൻ അമേരിക്കയ്‌ക്ക് കഴിയില്ല. നിലവിൽ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു. യുഎസ്, ചൈന, ജർമനി എന്നിവയാണ് ഇന്ത്യയ്‌ക്ക് തൊട്ട് മുന്നിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.