രാജ്യത്തെയും പാർട്ടിയേയും ഒരുമിപ്പിക്കാനാണ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

0

വാഷിങ്ടൺ : രാജ്യത്തെയും പാർട്ടിയേയും ഒരുമിപ്പിക്കാനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘യുവ ശബ്ദ’ങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്നും ബുധനാഴ്ച യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ ബൈഡൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതിനുശേഷം ആദ്യമായാണ് ബൈഡൻ നേരിട്ട് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്. ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാർഥിയാകാൻ തിരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡൻ പറഞ്ഞു. ‘നിലവിലെ സാഹചര്യത്തിൽ ഏതൊരു പദവിയെക്കാളും പ്രധാനം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ്. പുതിയ തലമുറയ്ക്ക് ദീപം കൈമാറുകയെന്നതാണ് മുന്നോട്ടുള്ള മികച്ച വഴിയെന്ന് ഞാൻ തീരുമാനിച്ചു.

രാജ്യത്തെ ഒന്നിച്ചുനിർത്താനുള്ള മികച്ച മാർഗം ഇതാണ്.’–ബൈഡൻ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയിൽ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികൾ ഭരിച്ച സമയത്തേക്കാൾ ശക്തമായ അവസ്ഥയിലാണ് യുഎസ് ഉള്ളതെന്നും ട്രംപിനെ ഉന്നംവച്ച് ബൈഡൻ കൂട്ടിച്ചേർത്തു. ജൂലൈ 21നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറുന്നെന്ന് ബൈഡൻ പ്രഖ്യാപിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും എതിർ സ്ഥാനാർഥി ‍ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ ദയനീയമായി പിന്നാക്കംപോയതും ബൈഡന് തിരിച്ചടിയായിരുന്നു. കോവിഡ് മുക്തനായി കഴിഞ്ഞ ദിവസം ബൈഡൻ വൈറ്റ്ഹൗസിൽ തിരിച്ചെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പിന്മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *