യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരത്തിന്; സിന്നർ വിന്നർ

0

ന്യൂയോര്‍ക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ പോരാട്ടത്തിൽ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ 6–3,6–4, 7–5 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്. സിന്നറുടെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 23 വയസ്സുകാരനായ താരം വിജയിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം തുടർന്ന സിന്നർ ആദ്യ സെറ്റിൽ 4–3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ സ്വന്തം ആരാധകർക്കു മുന്നിൽ പ്രതിരോധത്തിലാക്കിയ സിന്നർ ആദ്യ സെറ്റ് 6–3ന് സ്വന്തമാക്കി. രണ്ടാം ഗെയിമിൽ 1–1ന് എന്ന നിലയിൽ ഫ്രിറ്റ്സ് മത്സരത്തിലേക്കു തിരികെയെത്തിയതോടെ മത്സരം കടുത്തു. മികച്ച പ്രകടനങ്ങളുമായി രണ്ടു താരങ്ങളും പൊരുതിയതോടെ സ്കോർ 3–3 എന്ന നിലയിൽ. 5–4 എന്ന നിലയിൽ മുന്നിലെത്തിയ ലോക ഒന്നാം നമ്പർ താരം 6–4ന് രണ്ടാം സെറ്റ് പിടിച്ചെടുത്തു.

sinner-4

മത്സരശേഷം യാനിക് സിന്നറും ടെയ്‍ലർ ഫ്രിറ്റ്സും. Photo: X@USOpen

മൂന്നാം സെറ്റിലും 1–1 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിലെ പോരാട്ടം. പിന്നീട് ഫ്രിറ്റ്സ് 5–3ന് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച സിന്നർ 7-5 മൂന്നാം സെറ്റും യുഎസ് ഓപ്പൺ കിരീടവും സ്വന്തമാക്കി. ലോക 12–ാം നമ്പർ താരമായ ഫ്രിറ്റ്സ് 2009ന് ശേഷം ഗ്രാൻഡ് സ്‌ലാം ഫൈനലിലെത്തുന്ന യുഎസിന്റെ ആദ്യ പുരുഷ താരമാണ്. സെമിയിൽ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ 7–5,7–6 (7–3), 6–2 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് സിന്നര്‍ യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമായത്. കിരീടനേട്ടത്തോടെ യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരവുമായി.

ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെ വീഴ്ത്തിയാണ് സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്‍‍ സ്‍‍ലാം വിജയിക്കുന്നത്. 2022 ലെ യുഎസ് ഓപ്പണില്‍ താരം അവസാന എട്ടിലെത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രീക്വാർട്ടറിൽ അലക്സാണ്ടർ സ്വരേവിനോടു തോറ്റു. 2023 ലെ വിമ്പിൾഡൻ സെമി ഫൈനൽ കളിച്ച താരം കൂടിയാണ് സിന്നർ. 2001 ഓഗസ്റ്റിൽ ഇറ്റലിയിലെ ഇനിചെനിലാണ് സിന്നറിന്റെ ജനനം. റിക്കോർ‍ഡ് പിയറ്റി, മാസിമോ സർറ്റോറി എന്നിവർക്കു കീഴിലായിരുന്നു സിന്നറുടെ ടെന്നിസ് പരിശീലനം. 2019ൽ നെക്സ്റ്റ് ജനറേഷൻ എടിപി ഫൈനൽസ് ജയിച്ചതാണ് കരിയറിലെ ആദ്യത്തെ പ്രധാന കിരീടനേട്ടം. കഴിഞ്ഞ വർഷം കനേഡിയൻ ഓപ്പൺ വിജയിച്ച താരം, എടിപി ഫൈനൽസിലെത്തിയെങ്കിലും നൊവാക് ജോക്കോവിച്ചിനു മുന്നിൽ അടിപതറുകയായിരുന്നു.

sinner-1

യാനിക് സിന്നറുടെ വിജയാഹ്ലാദം. Photo: X@US Open

sinner-3

യാനിക് സിന്നർ മത്സരത്തിനിടെ. Photo: X@US Open

sinner-2

യാനിക് സിന്നറും ടെയ്‍ലർ ഫ്രിറ്റ്സും. Photo: X@US Open
Spread the love

Leave a Reply

Your email address will not be published. Required fields are marked *