ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ പാസാക്കി
വാഷിംഗ്ടൺ : ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്ക. ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭ ബില്ല് പാസാക്കി. അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യാൻ തീരുമാനമായി. സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. ഗൂഗിൾ പ്ലേ സ്‌റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ ആപ്പ് സ്റ്റോറുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നും ടിക് ടോക് നീക്കം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി.
ആപ്പിന്റെ ഉടമസ്ഥാവകാശം ഈ ചൈനീസ് കമ്പനി ഒഴിവാക്കിയില്ലെങ്കിൽ മുഴുവൻ ആപ്പ് സ്റ്റോറുകളിൽ നിന്നും, സെനറ്റ് ബിൽ പാസാക്കുന്നതോടു കൂടി ആപ്പ് നീക്കം ചെയ്യാനാണ് സാധ്യത. ഇന്ത്യ, ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു. ടിക് ടോക് ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണ് നിരോധനത്തിന് നിര്‍ദേശമുയര്‍ന്നത്. സെനറ്റ് പാസാക്കിയാല്‍ ബില്‍ നിലവില്‍ വരും. ടിക് ടോക് നിരോധിക്കുന്നതിനോട് അനുകൂല സമീപനമാണ് പ്രസിഡന്റ് ജോ ബൈഡനുള്ളത്.