മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ യുഎസ് ഇന്ത്യയ്ക്കു കൈമാറും
വാഷിങ്ടൻ : മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്നു യുഎസ് അപ്പീൽ കോടതി. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യുക. ഓഗസ്റ്റ് 15നാണു കോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നു വിധി പറഞ്ഞ പാനൽ കണ്ടെത്തി. മിലാൻ ഡി സ്മിത്ത്, ബ്രിഡ്ജെറ്റ് എസ്. ബേഡ്, സിഡ്നി എ ഫിറ്റ്‌സ്വാറ്റർ എന്നിവരായിരുന്നു മൂന്നംഗ ജഡ്ജിമാരുടെ പാനൽ.
കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാൻ കഴിയുമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡൻ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ഇതുമായി ചേർന്നുപോകുന്നതാണു കോടതി വിധിയും. മുംബൈ ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യയിലേക്കു വിചാരണയ്ക്കു കൈമാറാൻ മജിസ്‌ട്രേറ്റ് ജഡ്ജി നൽകിയ ഉത്തരവിനെതിരെ റാണ സമർപ്പിച്ച ഹർജി കലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണു യുഎസ് അപ്പീൽ കോടതി റാണയുടെ അപ്പീൽ തള്ളിയത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയിൽ റാണയുടെ കുറ്റകൃത്യം വരുമെന്ന് പാനൽ കണ്ടെത്തി.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.